Monday, August 18, 2025

യുക്രെയിനെ പിന്തുണച്ച് ബ്രിട്ടന്‍, ഫ്രാന്‍സ്, ജര്‍മ്മനി, പോളണ്ട് നേതാക്കള്‍ കീവില്‍; സെലന്‍സ്‌കിയുമായി ചര്‍ച്ച

Leaders of UK, France, Germany and Poland to visit Ukraine to Show support

കീവ്: യുക്രെയ്‌ന് പിന്തുണയുമായി ബ്രിട്ടന്‍, ഫ്രാന്‍സ്, ജര്‍മ്മനി, പോളണ്ട് എന്നീ രാജ്യങ്ങളിലെ നേതാക്കള്‍ ഇന്ന് കീവില്‍. ബ്രിട്ടീഷ് പ്രധാനമന്ത്രി കെയര്‍ സ്റ്റാര്‍മര്‍, ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍, ജര്‍മന്‍ ചാന്‍സലര്‍ ഫ്രെഡറിക് മെര്‍സ്, പോളണ്ട് പ്രധാനമന്ത്രി ഡൊണാള്‍ഡ് ടസ്‌ക് എന്നിവര്‍ ഇന്ന് യുക്രെയ്ന്‍ സന്ദര്‍ശിക്കും. യുക്രെയ്ന്‍ പ്രസിഡന്റ് വ്‌ളാഡിമര്‍ സെലന്‍സ്‌കിയുമായി നേതാക്കള്‍ ചര്‍ച്ച നടത്തുമെന്നാണ് പ്രതീക്ഷ.

30 ദിവസത്തെ വെടിനിര്‍ത്തലിന് റഷ്യ സമ്മതിക്കണമെന്ന ആവശ്യം ശക്തിപ്പെടുത്തുന്നതിനായാണ് സന്ദര്‍ശനം. 30 ദിവസത്തെ നിരുപാധിക വെടിനിര്‍ത്തല്‍ വേണമെന്ന് നേതാക്കള്‍ റഷ്യയോട് ആവര്‍ത്തിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. സമാധാന കരാറിനായുള്ള പ്രസിഡന്റ് ട്രംപിന്റെ ആഹ്വാനങ്ങള്‍ക്ക് തങ്ങള്‍ പിന്തുണ ആവര്‍ത്തിക്കുമെന്ന് നാല് നേതാക്കള്‍ പ്രസ്താവനയില്‍ പറഞ്ഞിട്ടുണ്ട്.

‘റഷ്യ നിയമവിരുദ്ധമായ അധിനിവേശം അവസാനിപ്പിക്കണം. നിയമ വിരുദ്ധ അധിനിവേശത്തിനെതിരെ ഫ്രാന്‍സ്, ജര്‍മ്മനി, പോളണ്ട്, യുണൈറ്റഡ് കിംഗ്ഡം എന്നീ രാജ്യങ്ങളുടെ നേതാക്കള്‍ യുക്രെയ്‌നോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുന്നു. അന്താരാഷ്ട്രതലത്തില്‍ അംഗീകരിക്കപ്പെട്ട അതിര്‍ത്തികള്‍ക്കുള്ളില്‍ സുരക്ഷിത്വം ഉറപ്പാക്കണം. വരും തലമുറയ്ക്കായി പരമാധികാരവുമുള്ള ഒരു രാഷ്ട്രമായി യുക്രെയ്ന്‍ മാറണം. യുക്രെയ്‌നുളള പിന്തുണ യൂറോപ്യന്‍ നേതാക്കള്‍ തുടരും. റഷ്യ ഒരു ശാശ്വത വെടിനിര്‍ത്തലിന് സമ്മതിക്കുന്നതുവരെ യുദ്ധ യന്ത്രത്തില്‍ ഞങ്ങള്‍ സമ്മര്‍ദ്ദം വര്‍ധിപ്പിക്കുന്നതായിരിക്കും. സന്ദര്‍ശന വേളയില്‍, കൊല്ലപ്പെട്ടവരെ അനുസ്മരിക്കുന്നതിനായി യുക്രെയ്ന്‍ പതാകകള്‍ സ്ഥാപിക്കുന്ന മൈതാനത്ത് റഷ്യ-യുക്രെയ്ന്‍ യുദ്ധത്തില്‍ വീരമൃത്യു വരിച്ചവര്‍ക്കായി ആദരാഞ്ജലികള്‍ അര്‍പ്പിക്കു’മെന്നും പ്രസതാവനയില്‍ പറഞ്ഞിട്ടുണ്ട്. വായു, കര, സമുദ്ര, പുനരുജ്ജീവന സേനയുടെ പുരോഗതിയെക്കുറിച്ച് മറ്റ് നേതാക്കളെ അറിയിക്കുന്നതിനായി സെലന്‍സ്‌കിയുമായി ചര്‍ച്ച നടത്തണമെന്നുമാണ് തീരുമാനമെന്നും പ്രസ്താവനയിലുണ്ട്.

ആദ്യമായാണ് യൂറോപ്യന്‍ നേതാക്കള്‍ ഇത്തരത്തിലൊരു സംയുക്ത സന്ദര്‍ശനം നടത്തുന്നത്. ജര്‍മ്മന്‍ ചാന്‍സലര്‍ എന്ന നിലയില്‍ ഫ്രെഡറിക് മെര്‍സിന്റെ ആദ്യത്തെ യുക്രെയ്ന്‍ സന്ദര്‍ശനമാണിത്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!