അറ്റ്ലാന്‍റ : ടെന്നസിയിൽ 4.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടതായി യുഎസ് ജിയോളജിക്കൽ സർവേ. ശനിയാഴ്ച രാവിലെ പ്രാദേശിക സമയം ഒമ്പത് മണിയോടെ ഉണ്ടായ ഭൂചലനം അറ്റ്ലാന്‍റ, നോർത്ത് കാരൊലൈന എന്നിവിടങ്ങളിലും അനുഭവപ്പെട്ടതായി ഏജൻസി അറിയിച്ചു. നോക്‌സ്‌വില്ലിൽ നിന്ന് ഏകദേശം 30 മൈൽ (48 കിലോമീറ്റർ) തെക്ക് ടെന്നസിയിലെ ഗ്രീൻബാക്കിൽ നിന്ന് ഏകദേശം 12 മൈൽ (20 കിലോമീറ്റർ) അകലെയാണ് ഭൂചലനത്തിന്‍റെ പ്രഭവകേന്ദ്രം. നിലവിൽ നാശനഷ്ടങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.

ഈ പ്രദേശത്ത് ഭൂചലനം അസാധാരണമല്ല. തെക്കുകിഴക്കൻ മേഖലയിലെ ഏറ്റവും സജീവമായ ഭൂചലന മേഖലകളിൽ ഒന്നാണ് ഈസ്റ്റേൺ ടെന്നസി, ടെന്നസി, ജോർജിയ, അലബാമ എന്നിവയുടെ ചില ഭാഗങ്ങളിൽ വ്യാപിച്ചുകിടക്കുന്ന മേഖല. 2018 ഡിസംബറിൽ ഈ മേഖലയിൽ രണ്ട് ഭൂചലനങ്ങൾ ഉണ്ടായി. ഇതിൽ ഒന്ന് നോക്സ്‌വില്ലിന് തെക്ക് ഭാഗത്തുള്ള ടെന്നസിയിലെ ഡെക്കാറ്റൂറിൽ റിക്ടർ സ്കെയിലിൽ 4.4 രേഖപ്പെടുത്തിയ ഭൂചലനമായിരുന്നു. കുറച്ച് ദിവസങ്ങൾക്ക് ശേഷം മാസ്കോട്ടിന് തെക്കുകിഴക്കായി നോക്സ്‌വില്ലിന് സമീപം ഏകദേശം രണ്ട് മൈൽ (നാല് കിലോമീറ്റർ) 3.0 തീവ്രത രേഖപ്പെടുത്തിയ മറ്റൊരു ഭൂചലനവും ഉണ്ടായി.