വിനിപെഗ് : കാട്ടുതീ അനിയന്ത്രിതമായി പടരുന്ന കിഴക്കൻ മാനിറ്റോബ നഗരമായ കോട്ടേജ് കൺട്രിയിൽ നിന്നും ജനങ്ങളെ ഒഴിപ്പിക്കുന്നു. ഏകദേശം ആയിരത്തോളം പേർക്ക് ഒഴിപ്പിക്കൽ ഉത്തരവ് നൽകിയിട്ടുണ്ട്. വരണ്ടതും ചൂടുള്ളതുമായ കാലാവസ്ഥയാണ് കാട്ടുതീ പടരുന്നതിന് കാരണമെന്ന് അധികൃതർ അറിയിച്ചു.

കാട്ടുതീയിൽ വിനിപെഗിന് വടക്കുകിഴക്കായി സ്ഥിതി ചെയ്യുന്ന കോട്ടേജ് കൺട്രിയിലെ ലാക് ഡു ബോണറ്റ് മുനിസിപ്പാലിറ്റിയിൽ കെട്ടിടങ്ങൾ കത്തി നശിച്ചു. മാനിറ്റോബ ഹൈഡ്രോയുടെ സഹായത്തോടെ പ്രദേശത്തെ നാശനഷ്ടങ്ങൾ വിലയിരുത്തുന്നുണ്ടെന്ന് മുനിസിപ്പാലിറ്റി വക്താവ് റീവ് ലോറൻ ഷിങ്കൽ അറിയിച്ചു. ലാക് ഡു ബോണറ്റിന് സമീപമുള്ള നിയന്ത്രണാതീതമായ തീപിടുത്തം ബുധനാഴ്ചയോടെ 30 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയിൽ വ്യാപിച്ചിട്ടുണ്ട്. കൂടാതെ നോപിമിങ് പ്രൊവിൻഷ്യൽ പാർക്കിന് സമീപം റിപ്പോർട്ട് ചെയ്ത രണ്ടാമത്തെ നിയന്ത്രണാതീതമായ തീപിടുത്തം 1,000 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയിലേക്ക് പടർന്നു പിടിച്ചിട്ടുണ്ട്.

പ്രവിശ്യയിലുടനീളം 24 തീപിടിത്തങ്ങൾ സജീവമായിട്ടുണ്ടെന്ന് മാനിറ്റോബ സർക്കാർ അറിയിച്ചു. അവയിൽ ആറെണ്ണം നിയന്ത്രണാതീതമാണ്. ഇതേത്തുടർന്ന് അഞ്ച് പ്രവിശ്യാ പാർക്കുകൾ, മൂന്ന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, മൂന്ന് വടക്കൻ കമ്മ്യൂണിറ്റികൾ, 24 കോട്ടേജ് സബ്ഡിവിഷനുകൾ എന്നിവിടങ്ങളിൽ ഒഴിപ്പിക്കൽ ഉത്തരവ് നൽകിയിട്ടുണ്ട്. കാട്ടുതീ പോയിൻ്റ് ഡു ബോയിസ്, സ്ലേവ് ഫോൾസ് ജനറേറ്റിങ് സ്റ്റേഷനുകളിലേക്കുള്ള പ്രവേശനം തടസ്സപ്പെടുമെന്നതിൽ ഇവിടെ നിന്നും ജീവനക്കാരെ ഒഴിപ്പിക്കുമെന്ന് മാനിറ്റോബ ഹൈഡ്രോ പ്രഖ്യാപിച്ചു.