വിനിപെഗ് : കിഴക്കൻ മാനിറ്റോബ നഗരമായ ലാക് ഡു ബോണറ്റിൽ കാട്ടുതീയിൽ രണ്ട് പേർ മരിച്ചതായി ആർസിഎംപി അറിയിച്ചു. ലാക് ഡു ബോണറ്റ് റീജനൽ മുനിസിപ്പാലിറ്റിയിലെ വെൻഡിഗോ റോഡിന് സമീപത്തു നിന്നാണ് മുതിർന്ന പുരുഷനും സ്ത്രീയും ആണെന്ന് കരുതപ്പെടുന്ന രണ്ട് പേരുടെ മൃതദേഹങ്ങൾ ബുധനാഴ്ച ഉച്ചകഴിഞ്ഞ് കണ്ടെത്തിയത്. ഇരുവരെയും തിരിച്ചറിഞ്ഞിട്ടില്ലെന്നും പോസ്റ്റ്‌മോർട്ടം പൂർത്തിയാകുന്നതോടെ കൂടുതൽ വിവരങ്ങൾ പുറത്തുവിടുമെന്നും മൗണ്ടീസ് സ്ഥിരീകരിച്ചു.

അതേസമയം ഇരുവരും കാട്ടുതീയിൽ കുടുങ്ങിക്കിടക്കുകയിരുന്നുവെന്ന് വിവരം ലഭിച്ചിരുന്നതായി ആർസിഎംപി സൂപ്രണ്ട് ക്രിസ് ഹാസ്റ്റി അറിയിച്ചു. എന്നാൽ, നിയന്ത്രണാതീതമായ കാട്ടുതീ കാരണം ഇരുവരുടെയും അടുത്തെത്താൻ സാധിച്ചില്ല. കാട്ടുതീയിൽ മറ്റാരും അകപ്പെട്ടതായി റിപ്പോർട്ടുകൾ ലഭിച്ചിട്ടില്ലെന്നും ക്രിസ് ഹാസ്റ്റി പറയുന്നു.

കാട്ടുതീ അനിയന്ത്രിതമായി പടർന്നു പിടിച്ചതോടെ ചൊവ്വാഴ്ച ഈ മേഖലയിലെ നിരവധി പേരെ ഒഴിപ്പിച്ചിട്ടുണ്ട്. അവസാനമായി വിവരം ലഭിക്കുമ്പോൾ ഒരു ലക്ഷം ഹെക്ടർ വിസ്തൃതിയിൽ കാട്ടുതീ പടർന്നു പിടിച്ചിട്ടുണ്ട്. പ്രവിശ്യയിലുടനീളം 24 തീപിടിത്തങ്ങൾ സജീവമായിട്ടുണ്ടെന്ന് മാനിറ്റോബ സർക്കാർ അറിയിച്ചു. അവയിൽ ആറെണ്ണം നിയന്ത്രണാതീതമാണ്. ഇതേത്തുടർന്ന് അഞ്ച് പ്രവിശ്യാ പാർക്കുകൾ, മൂന്ന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, മൂന്ന് വടക്കൻ കമ്മ്യൂണിറ്റികൾ, 24 കോട്ടേജ് സബ്ഡിവിഷനുകൾ എന്നിവിടങ്ങളിൽ ഒഴിപ്പിക്കൽ ഉത്തരവ് നൽകിയിട്ടുണ്ട്.