ടെൽ അവീവ്, ഇസ്രയേൽ : ഹമാസ് ഭീകരർക്കെതിരെ പൂർണ്ണ വിജയം കൈവരിക്കുന്നതുവരെ പ്രതിരോധ യുദ്ധം തുടരുമെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ശേഷിക്കുന്ന ബന്ദികളെ വിട്ടയച്ച്, ഹമാസ് യുദ്ധം അവസാനിപ്പിച്ച്, ഗാസയെ സൈനികവൽക്കരിച്ചാൽ യുദ്ധം നാളെ അവസാനിക്കും, അദ്ദേഹം വ്യക്തമാക്കി. അതേസമയം അതിർത്തിയിൽ ഹമാസ് ഭീകരരെ നശിപ്പിക്കുന്നതിനുമുമ്പ് യുദ്ധം അവസാനിപ്പിക്കാൻ ഇസ്രയേലിനോട് ആവശ്യപ്പെടുന്നത് മറ്റൊരു ഒക്ടോബർ 7 വിളിച്ചുവരുത്തുന്നതിന് തുല്യമായിരിക്കുമെന്നും ബെഞ്ചമിൻ നെതന്യാഹു പറഞ്ഞു. ഗാസയിലും വെസ്റ്റ് ബാങ്കിലും ആക്രമണം തുടരുന്ന ഇസ്രയേലിനെതിരെ ഉപരോധം ഉൾപ്പെടെയുള്ള കടുത്ത നടപടികൾ സ്വീകരിക്കുമെന്ന് യുകെ, ഫ്രാൻസ്, കാനഡ എന്നീ രാജ്യങ്ങളുടെ ഭീഷണിയിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

ഒക്ടോബർ 7-ന് ഹമാസ് ഭീകരർ ഇസ്രയേലിൽ നടത്തിയ ആക്രമണത്തിൽ 1,200 പേർ കൊലപ്പെടുകയും ഇരുന്നൂറ്റി അമ്പതിലധികം ഇസ്രയേലി പൗരന്മാർ തടവിലാക്കുകയും ചെയ്തിരുന്നു. ഈ ക്രൂരതയ്‌ക്കെതിരെ ഇസ്രയേൽ ന്യായമായ മാർഗങ്ങളിലൂടെ സ്വയം പ്രതിരോധിക്കുന്നത് തുടരും, ബെഞ്ചമിൻ നെതന്യാഹു അറിയിച്ചു.