ഓട്ടവ : ഏപ്രിലിൽ പണപ്പെരുപ്പം കുറഞ്ഞെങ്കിലും, ഗ്രോസറി സാധനങ്ങളുടെ വിലക്കയറ്റം തുടരുന്നതായി സ്റ്റാറ്റിസ്റ്റിക്സ് കാനഡ റിപ്പോർട്ട്. ഏറ്റവും കൂടുതൽ വില വർധന ഉണ്ടായിട്ടുള്ളത് ഫ്രഷ് പച്ചക്കറികളിലാണെന്ന് ഫെഡറൽ ഏജൻസി പറയുന്നു. അവയുടെ വില 3.7% വർധിച്ചു. കൂടാതെ ഫ്രഷ്-ഫ്രോസൺ ബീഫ് വില കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 16.2% വർധിച്ചപ്പോൾ കാപ്പി-ചായ തുടങ്ങിയ പാനീയങ്ങളുടെ വിലയിൽ 13.4% വർധനയും ഉണ്ടായി. അതേസമയം കടകളിൽ നിന്ന് വാങ്ങുന്ന ഭക്ഷണത്തിന്റെ വില കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 3.8% വർധിച്ചതായി ഏജൻസി റിപ്പോർട്ട് ചെയ്യുന്നു. മാർച്ചിൽ ഇത് 3.2 ശതമാനമായിരുന്നു.

യുഎസ്-കാനഡ താരിഫുകളിൽ നിന്നുള്ള അധിക ചെലവുകൾ കാരണം കാനഡയിലെ ചില വലിയ ഗ്രോസറി വ്യാപാരികൾ വില വർധനയെക്കുറിച്ച് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. പ്രീ-താരിഫ് ഇൻവെന്ററി തീർന്നുപോകുന്നതിനാൽ ഗ്രോസറി സ്റ്റോറുകളിൽ താരിഫ് ബാധിച്ച ഉൽപ്പന്നങ്ങളുടെ എണ്ണം ഉടൻ തന്നെ ഉയരുമെന്ന് ലോബ്ലാ കോസ് ലിമിറ്റഡ് ചീഫ് എക്സിക്യൂട്ടീവ് പെർ ബാങ്ക് കഴിഞ്ഞ ആഴ്ച പറഞ്ഞിരുന്നു. താരിഫ് ബാധിച്ച ഉൽപ്പന്നങ്ങളുടെ എണ്ണം കഴിഞ്ഞ ആഴ്ച ആയിരത്തിലധികമായി എത്തിയിരുന്നു. എന്നാൽ അടുത്ത ആഴ്ചയോടെ ആകെ എണ്ണം മൂവായിരത്തിലധികം ആകുമെന്നും അടുത്ത രണ്ട് മാസത്തിനുള്ളിൽ ആ സംഖ്യ ഇരട്ടിയാകുമെന്നും ബാങ്ക് പറഞ്ഞു.