Monday, November 2, 2026

വ്യാജ കഞ്ചാവ് കടകള്‍ക്ക് പൂട്ട് വീഴുന്നു; കര്‍ശന നടപടിയുമായി ഒന്റാരിയോ

ടൊറന്റോ: ഒന്റാരിയോ പ്രവിശ്യയില്‍ നിയമവിരുദ്ധമായി പ്രവര്‍ത്തിക്കുന്ന കഞ്ചാവ് സ്റ്റോറുകള്‍ക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കാന്‍ പ്രൊവിന്‍ഷ്യല്‍ സര്‍ക്കാര്‍ തീരുമാനിച്ചു. ഒക്ടോബര്‍ 19-ന് പ്രഖ്യാപിച്ച പുതിയ വ്യവസ്ഥകള്‍ പ്രകാരം, സംശയമുള്ള അനധികൃത സ്ഥാപനങ്ങളില്‍ പരിശോധന നടത്താനും വ്യാജ ഉല്‍പ്പന്നങ്ങള്‍ പിടിച്ചെടുക്കാനും വന്‍തുക പിഴ ചുമത്താനും അല്‍ക്കഹോള്‍ ആന്‍ഡ് ഗെയിമിംഗ് കമ്മീഷന്‍ ഓഫ് ഒന്റാരിയോയ്ക്ക് (AGCO) പൂര്‍ണ്ണ അധികാരം ലഭിക്കും. പ്രവിശ്യയിലെ ഏകദേശം 1,800 ഓളം വരുന്ന നിയമപരമായ കഞ്ചാവ് വ്യാപാരികള്‍ സര്‍ക്കാരിന്റെ ഈ നീക്കത്തെ വലിയ ആശ്വാസത്തോടെയാണ് സ്വാഗതം ചെയ്യുന്നത്.

കഞ്ചാവ് നിയമവിധേയമാക്കി എട്ട് വര്‍ഷം പിന്നിട്ടിട്ടും, പ്രവിശ്യയിലെ കഞ്ചാവ് വിപണിയുടെ 30 ശതമാനവും ഇപ്പോഴും അനധികൃത വ്യാപാരികളുടെ കൈകളിലാണെന്ന് അറ്റോര്‍ണി ജനറലിന്റെ മന്ത്രാലയത്തില്‍ നിന്നുള്ള കണക്കുകള്‍ വ്യക്തമാക്കുന്നു. ഇതിന് തടയിടാനാണ് സര്‍ക്കാര്‍ എന്‍ഫോഴ്‌സ്‌മെന്റ് സംവിധാനം ശക്തമാക്കുന്നത്.

മുമ്പ് പോലീസും നഗരസഭാ ഉദ്യോഗസ്ഥരും ഉള്‍പ്പെടെ വിവിധ ഏജന്‍സികള്‍ക്കിടയില്‍ നടപടികള്‍ ഏകോപിപ്പിക്കുന്നതില്‍ വീഴ്ചകള്‍ സംഭവിച്ചിരുന്നു. ഫണ്ടിന്റെ അഭാവവും കുറ്റകൃത്യങ്ങളുടെ ഭയവും കാരണം 2025 ജനുവരിയില്‍ ടൊറോന്റോ ബൈലാ ഉദ്യോഗസ്ഥര്‍ അനധികൃത കടകള്‍ക്കെതിരെയുള്ള പരിശോധനകള്‍ നിര്‍ത്തിവെച്ചിരുന്നു. മുന്‍പ് പോലീസ് ടാസ്‌ക് ഫോഴ്സിന് 31 മില്യണ്‍ ഡോളര്‍ അനുവദിച്ചിരുന്നെങ്കിലും, കാര്യക്ഷമമായ നടപടികള്‍ ഉണ്ടാകാതിരുന്നതാണ് പ്രതിസന്ധി രൂക്ഷമാക്കിയത്.

നിയമപരമായി പ്രവര്‍ത്തിക്കുന്ന കട ഉടമകള്‍ കനത്ത ലൈസന്‍സ് ഫീസും നികുതിയും നല്‍കി, ഹെല്‍ത്ത് കാനഡയുടെ (Health Canada) കര്‍ശനമായ മാനദണ്ഡങ്ങള്‍ പാലിച്ചാണ് കച്ചവടം നടത്തുന്നത്. എന്നാല്‍ യാതൊരു നികുതിയോ പരിശോധനയോ ഇല്ലാതെ അനധികൃതമായി കുറഞ്ഞ വിലയ്ക്ക് വ്യാജ ഉല്‍പ്പന്നങ്ങള്‍ വില്‍ക്കുന്നവരുമായി മത്സരിക്കാന്‍ സാധിക്കാത്ത അവസ്ഥയിലായിരുന്നു നിയമപരമായ വ്യാപാരികള്‍. ഇതുകൂടാതെ, പരിശോധിക്കപ്പെടാത്ത ഇത്തരം ഉല്‍പ്പന്നങ്ങള്‍ ഉപഭോക്താക്കളുടെ ആരോഗ്യത്തിന് വലിയ ഭീഷണിയാണെന്ന് ഭരണകൂടം മുന്നറിയിപ്പ് നല്‍കുന്നു.

സര്‍ക്കാരിന്റെ ഈ പുതിയ നീക്കം ശരിയായ ദിശയിലുള്ളതാണെന്ന് ‘റീട്ടെയില്‍ കഞ്ചാവ് കൗണ്‍സില്‍ ഓഫ് ഒന്റാറിയോ’ (RCCO) പ്രതികരിച്ചു. എന്നാല്‍ പുതിയ പ്രഖ്യാപനങ്ങള്‍ കേവലം കടലാസിലൊതുങ്ങാതെ, അനധികൃത കടകള്‍ പൂര്‍ണ്ണമായി പൂട്ടിക്കുകയും അവ വീണ്ടും തുറക്കുന്നില്ലെന്ന് ഉറപ്പാക്കുകയും ചെയ്യുന്ന തരത്തില്‍ ശക്തമായി നടപ്പിലാക്കണമെന്നാണ് വ്യാപാരികളുടെ ആവശ്യം.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!