വൻകൂവർ : ബ്രിട്ടിഷ് കൊളംബിയ ഹോഴ്സ്ഷൂ ബേ ഫെറി ടെർമിനലിന് സമീപം ട്രാൻസ്ലിങ്ക് ബസ് ഇടിച്ച് നാല് വയസ്സുളള കുട്ടി മരിച്ചതായി വെസ്റ്റ് വൻകൂവർ പൊലീസ് അറിയിച്ചു. മെയ് 28 ബുധനാഴ്ച ഉച്ചകഴിഞ്ഞ് മൂന്നരയോടെ ബേ സ്ട്രീറ്റിലെ കീത്ത് റോഡിലാണ് സംഭവം. അപകടത്തിൽ കുട്ടിയുടെ അമ്മ ഉൾപ്പെടെ രണ്ടു പേർക്ക് പരുക്കേറ്റതായും അധികൃതർ പറഞ്ഞു.

കുട്ടി സംഭവസ്ഥലത്ത് തന്നെ മരിച്ചതായി സ്ഥിരീകരിച്ചു. ഗുരുതരമായി പരുക്കേറ്റ അമ്മയെ ലയൺസ്ഗേറ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരുടെ ആരോഗ്യസ്ഥിതി അതീവ ഗുരുതരമായി തുടരുന്നു. അപകടത്തിൽ ഉൾപ്പെട്ട അമ്മയുടെ ഒരു സുഹൃത്തിനെ അതേ ആശുപത്രിയിലേക്ക് മാറ്റി. അവരുടെ ആരോഗ്യനില തൃപ്തികരമാണ്. വെസ്റ്റ് വൻകൂവർ പൊലീസ് ഡിപ്പാർട്ട്മെൻ്റ്, ഇന്റഗ്രേറ്റഡ് കൊളിഷൻ അനാലിസിസ് ആൻഡ് റീകൺസ്ട്രക്ഷൻ സർവീസ്, പ്രവിശ്യ ഗതാഗത മന്ത്രാലയം, എൻഫോഴ്സ്മെൻ്റ് ബ്രാഞ്ച് എന്നിവർ സംയുക്തമായി അന്വേഷണം ആരംഭിച്ചു.