ഓട്ടവ : കാനഡയിൽ നിങ്ങൾക്കൊരു ജീവൻ രക്ഷാ ശസ്ത്രക്രിയ ആവശ്യമാണോ? എന്നാൽ, ഇതൊരു പേടിസ്വപ്നമായിരിക്കും. നഴ്സുമാരുടെയും ഡോക്ടർമാരുടെയും ക്ഷാമം കാരണം ശസ്ത്രക്രിയയ്ക്കായി നിങ്ങൾ ആറ് മാസമോ അതിൽ കൂടുതലോ കാത്തിരിക്കേണ്ടി വരും.

കാനഡയിൽ ശസ്ത്രക്രിയകൾക്കായി ഉള്ള കാത്തിരിപ്പ് സമയം കോവിഡ് മഹാമാരിക്കാലത്തേക്കാൾ ഉയർന്നതായി കനേഡിയൻ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഹെൽത്ത് ഇൻഫർമേഷൻ (CIHI) റിപ്പോർട്ട്. വിവിധ ശസ്ത്രക്രിയയ്ക്കായുള്ള പലരുടെയും കാത്തിരിപ്പ് മാസങ്ങൾ നീളുകയാണ്. ഇടുപ്പ് മാറ്റൽ ശസ്ത്രക്രിയയ്ക്കുള്ള പരമാവധി കാത്തിരിപ്പ് സമയം 26 ആഴ്ചയാണ് നിശ്ചയിച്ചിരുന്നത്. എന്നാൽ, 68% രോഗികൾക്ക് മാത്രമാണ് കഴിഞ്ഞ വർഷം ഈ കാലയളവിൽ ഇടുപ്പ് മാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടത്താനായത്.

അഞ്ച് വർഷത്തെ അപേക്ഷിച്ച് 2024-ൽ കൂടുതൽ ഇടുപ്പ്, കാൽമുട്ട് മാറ്റിവയ്ക്കൽ ശസ്ത്രക്രിയകൾ നടത്തിയിട്ടുണ്ടെങ്കിലും ഇത് അപര്യാപ്തമാണെന്ന് CIHI പറയുന്നു. കാൽമുട്ട് മാറ്റിവയ്ക്കൽ ആവശ്യമുള്ളവരിൽ 61% പേർക്ക് 182 ദിവസത്തെ പരിധിക്കുള്ളിൽ ഓപ്പറേഷൻ റൂമിൽ പ്രവേശനം ലഭിച്ചു. 2019-ൽ ഇത് 70 ശതമാനമായിരുന്നു. സ്തന, മൂത്രസഞ്ചി, വൻകുടൽ, ശ്വാസകോശം, പ്രോസ്റ്റേറ്റ് കാൻസർ ശസ്ത്രക്രിയകൾക്കായുള്ള ശരാശരി കാത്തിരിപ്പ് സമയവും വർധിച്ചതായി കനേഡിയൻ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഹെൽത്ത് ഇൻഫർമേഷൻ അറിയിച്ചു.

CIHI പ്രകാരം, 2022-ൽ, കനേഡിയൻ ഹെൽത്ത് കെയർ സെക്ടർ 143,695 ജോലി ഒഴിവുകൾ (6% ഒഴിവ് നിരക്ക്) റിപ്പോർട്ട് ചെയ്തു. 2024-ലെ റിപ്പോർട്ട് പ്രകാരം ഒൻ്റാരിയോയിൽ മാത്രം 50,853 പേർസണൽ സപ്പോർട്ട് വർക്കർമാർക്കൊപ്പം 2032-ഓടെ 33,200 പേർ കൂടി വേണ്ടിവരുമെന്ന് പ്രതീക്ഷിക്കുന്നത്. 2022-ഓടെ ദേശീയതലത്തിൽ 60,000 നഴ്സുമാരുടെ കുറവുണ്ടാകുമെന്നും 2030 ഓടെ ഇത് 117,000 ആയി ഉയരുമെന്നും CIHI റിപ്പോർട്ട് ചെയ്തു.