ഓട്ടവ : ഒന്നര വർഷത്തോളം നീണ്ട ചർച്ചകൾക്ക് ശേഷം കനേഡിയൻ പോസ്റ്റ്മാസ്റ്റേഴ്സ് ആൻഡ് അസിസ്റ്റന്റസ് അസോസിയേഷനുമായി (CPAA) പുതിയ കരാറിലെത്തി കാനഡ പോസ്റ്റ്. കാനഡയിലെ ഗ്രാമീണ പോസ്റ്റോഫീസുകളിൽ ജോലി ചെയ്യുന്ന ഏകദേശം 8,500 ജീവനക്കാരെ പ്രതിനിധീകരിക്കുന്നതാണ് CPAA. 2024-ന്റെ ആരംഭം മുതൽ മുൻകാല പ്രാബല്യത്തോടെ പുതിയ കരാറിൽ മൂന്ന് വർഷത്തിനുള്ളിൽ 11% വേതന വർധന ഉൾക്കൊള്ളുന്നു. കരാർ പ്രകാരം CPAA അംഗങ്ങൾക്ക് ആദ്യ വർഷത്തിൽ ആറ് ശതമാനവും 2025-ൽ മൂന്ന് ശതമാനവും 2026-ൽ രണ്ട് ശതമാനവും വേതന വർധന ലഭിക്കുമെന്ന് കാനഡ പോസ്റ്റ് അറിയിച്ചു.

എന്നാൽ, 55,000 തപാൽ ജീവനക്കാരെ പ്രതിനിധീകരിക്കുന്ന ഏറ്റവും വലിയ യൂണിയനായ കനേഡിയൻ യൂണിയൻ ഓഫ് പോസ്റ്റൽ വർക്കേഴ്സുമായി (CUPW) യുമായി കാനഡ പോസ്റ്റ് ഇപ്പോഴും കരാറിലെത്താൻ ശ്രമിക്കുകയാണ്. മെയ് 23 മുതൽ എല്ലാ അംഗങ്ങൾക്കും ഓവർടൈം വിലക്ക് ഏർപ്പെടുത്തി യൂണിയൻ നിയമപരമായ പണിമുടക്ക് നിലപാടിൽ തുടരുമ്പോൾ, ചർച്ചകളിൽ പുരോഗതി കൈവരിക്കാൻ ബുദ്ധിമുട്ടുന്നുണ്ടെന്ന് ഇരുപക്ഷത്തുനിന്നുമുള്ള കഴിഞ്ഞ ആഴ്ചത്തെ അപ്ഡേറ്റുകൾ സൂചിപ്പിക്കുന്നു.