ടൊറൻ്റോ : ഈ വേനല്‍ക്കാലത്ത് ഒൻ്റാരിയോയിലെ പ്രവിശ്യാ പാര്‍ക്കുകളിലെ കടല്‍ത്തീരങ്ങള്‍ വൃത്തിയാക്കാന്‍ ‘ബീബോട്ട്’ (BeBot) എന്ന അത്യാധുനിക റോബോട്ട് എത്തുന്നു. കാനഡയില്‍ ആദ്യമായിട്ടാണ് ഇത്തരമൊരു ബീച്ച് ക്ലീനിങ് റോബോട്ട് ഉപയോഗിക്കുന്നത്. പൂര്‍ണ്ണമായും വൈദ്യുതോര്‍ജ്ജത്തില്‍ പ്രവര്‍ത്തിക്കുന്ന ബീബോട്ടിന് മണല്‍ അരിച്ചെടുക്കുന്ന സാങ്കേതികവിദ്യ ഉപയോഗിച്ച് പ്ലാസ്റ്റിക്, ഗ്ലാസ്, ലോഹം, പേപ്പര്‍, മറ്റ് മാലിന്യങ്ങള്‍ എന്നിവ ബീച്ചുകളില്‍ നിന്ന് നീക്കം ചെയ്യാന്‍ കഴിയും. മാലിന്യം നീക്കം ചെയ്യുന്നതിനൊപ്പം, മാലിന്യം കുറയ്ക്കുന്നതിനെക്കുറിച്ച് ജനങ്ങളെ ബോധവല്‍ക്കരിക്കുക എന്നതും ബീബോട്ടിന്റെ പ്രവിശ്യയിലുടനീളമുള്ള യാത്രയുടെ ലക്ഷ്യമാണ്.

ഒൻ്റാരിയോ പരിസ്ഥിതി, സംരക്ഷണം, പാര്‍ക്കുകള്‍ മന്ത്രാലയവുമായി സഹകരിച്ചാണ് പൊല്യൂഷന്‍ പ്രോബ് ബീബോട്ട് അവതരിപ്പിച്ചത്. ‘പ്ലാസ്റ്റിക്കുകള്‍ വെള്ളത്തില്‍ പ്രവേശിക്കുന്നതിന് മുമ്പ് തന്നെ അവയെ ശേഖരിക്കാന്‍ ഈ സാങ്കേതികവിദ്യ ഞങ്ങളെ സഹായിക്കുന്നു,’ പരിസ്ഥിതി സംഘടനയായ പൊല്യൂഷന്‍ പ്രോബ് സിഇഒ മെലിസ ഡിയോങ് പറഞ്ഞു. മണിക്കൂറില്‍ 3,000 ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണ്ണം വരെ വൃത്തിയാക്കാന്‍ ബീബോട്ടിന് കഴിയും. എട്ട് മണിക്കൂര്‍ വരെ തുടര്‍ച്ചയായി പ്രവര്‍ത്തിക്കാനും ഒരു ഉപയോഗത്തില്‍ ഏകദേശം 19 ബോളിംഗ് ബോളുകളുടെ അത്രയും പ്ലാസ്റ്റിക് നീക്കം ചെയ്യാനും ഇതിന് സാധിക്കും. ബാറ്ററിയില്‍ പ്രവര്‍ത്തിക്കുന്ന ഈ റോബോട്ടിന് പിന്നില്‍ സോളാര്‍ പാനലും ഘടിപ്പിച്ചിട്ടുണ്ട്.

സിംകോയിലെ സിബ്ബാള്‍ഡ് പോയിൻ്റ് പ്രൊവിന്‍ഷ്യല്‍ പാര്‍ക്കിലാണ് ബീബോട്ട് പ്രവര്‍ത്തനം ആരംഭിച്ചത്. അടുത്ത മാസത്തിനുള്ളില്‍ ലേക്ക് ഹ്യൂറോണിലെ ഇന്‍വര്‍ഹ്യൂറോണ്‍ പ്രൊവിന്‍ഷ്യല്‍ പാര്‍ക്കിലേക്ക് റോബോട്ട് എത്തും. തുടര്‍ന്ന്, ജൂലൈ അവസാനത്തോടെ ലേക്ക് ഈറിയിലെ ലോങ് പോയിൻ്റ് പ്രൊവിന്‍ഷ്യല്‍ പാര്‍ക്കിലേക്കും വേനല്‍ക്കാലത്തിന്‍റെ അവസാനത്തോടെ ലേക്ക് ഒൻ്റാരിയോയിലെ സാന്‍ഡ്ബാങ്ക്‌സ് പ്രൊവിന്‍ഷ്യല്‍ പാര്‍ക്കിലേക്കും, ഡാര്‍ലിംഗ്ടണ്‍ പ്രൊവിന്‍ഷ്യല്‍ പാര്‍ക്കിലേക്കും റോബോട്ട് എത്തിച്ചേരും.