മൺട്രിയോൾ : ‘മൂവിങ് ഡേ’യുമായി ബന്ധപ്പെട്ട് മൺട്രിയോൾ നിവാസികൾ നേരിടുന്ന ബുദ്ധിമുട്ടുകൾക്ക് പരിഹാരം കാണാൻ സന്നദ്ധതയറിയിച്ച് പ്രോജക്ട് മൺട്രിയോൾ പാർട്ടി ലീഡർ ലുക് റാബോയിൻ. ലോറികൾ കിട്ടാതെയും മറ്റ് സൗകര്യങ്ങളില്ലാതെയും വീട് മാറുന്ന വാടകക്കാർക്ക് പൂർണ്ണ പിന്തുണ നൽകുമെന്ന് അദ്ദേഹം ഉറപ്പുനൽകി.
ചെലവ് കുറഞ്ഞ ഭവന പദ്ധതികൾക്കായി ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്ക് 10 കോടി ഡോളറിന്റെ ഗ്യാരണ്ടി ഫണ്ട് പാർട്ടി വാഗ്ദാനം ചെയ്യുന്നു. ഇത് 4,000 മുതൽ 5,000 വരെ പുതിയ ചെലവ് കുറഞ്ഞ ഭവന യൂണിറ്റുകൾ സൃഷ്ടിക്കാൻ സഹായിക്കും.

അതേസമയം, കെബെക്ക് റെന്റൽ ട്രൈബ്യൂണലിൽ നിന്ന് ഒഴിപ്പിക്കൽ നോട്ടീസ് ലഭിക്കുന്ന വാടകക്കാരെ മൺട്രിയോൾ മുനിസിപ്പൽ ഹൗസിങ് ഓഫീസ് (OMHM) വഴി നേരിട്ട് ബന്ധപ്പെട്ട് സഹായം നൽകും. വർഷങ്ങളായി വാടകക്കാർക്ക് സഹായം നൽകുന്ന പ്രോജക്ട് മൺട്രിയോൾ, ഈ വർഷം ഭവന സഹായ സംഘടനകൾക്കായി 35 ലക്ഷം ഡോളർ വകയിരുത്തിയിട്ടുണ്ട്. അടിയന്തര സഹായത്തിനായി 311-ൽ വിളിക്കാനും റാബോയിൻ നിർദ്ദേശിച്ചു.
