വൻകൂവർ : ചെറുതെങ്കിലും അനിയന്ത്രിതമായി പടരുന്ന കാട്ടുതീ കാരണം ബ്രിട്ടിഷ് കൊളംബിയ ലിറ്റൺ ഗ്രാമത്തിൽ ഒഴിപ്പിക്കൽ മുന്നറിയിപ്പ് നൽകി ബിസി വൈൽഡ് ഫയർ സർവീസ്. തിങ്കളാഴ്ച രാത്രി വൈകി കണ്ടെത്തിയ കാട്ടുതീ അഞ്ച് ഹെക്ടറിലേക്ക് വ്യാപിച്ചതായി അധികൃതർ അറിയിച്ചു. ഇത് നിയന്ത്രണാതീതമാണെന്നും ലിറ്റണിൽ നിന്ന് ഫ്രേസർ നദിക്ക് കുറുകെ വ്യാപിച്ചിട്ടുണ്ടെന്നും ബിസി വൈൽഡ്‌ഫയർ സർവീസ് റിപ്പോർട്ട് ചെയ്തു.

നിലവിൽ അഗ്നിശമനസേനാംഗങ്ങളും ഹെലികോപ്റ്ററും തീ നിയന്ത്രണവിധേയമാക്കാൻ പ്രവർത്തിക്കുന്നുണ്ട്. അനുകൂല കാലാവസ്ഥ അല്ലെങ്കിൽ നിലവിലെ പരിധിക്കപ്പുറത്തേക്ക് കാട്ടുതീ അതിവേഗം പടരുമെന്ന് ബിസി വൈൽഡ്‌ഫയർ സർവീസിലെ ഫയർ ഇൻഫർമേഷൻ ഓഫീസർ കാലി നെസ്മാൻ മുന്നറിയിപ്പ് നൽകി. പ്രദേശത്തുടനീളം കനത്ത ചൂടും വരണ്ട കാലാവസ്ഥയുമാണ് പ്രതീക്ഷിക്കുന്നത്. ഇത് കാട്ടുതീ പ്രതിരോധ പ്രവർത്തനങ്ങൾ ദുഷ്കരമാക്കുന്നതായി അദ്ദേഹം അറിയിച്ചു.