ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ എട്ട് ദിവസത്തെ വിദേശസന്ദര്‍ശനത്തിന് ഇന്ന് തുടക്കമാകും. ഘാന, ട്രിനിഡാഡ് ആന്‍ഡ് ടൊബാഗോ, അര്‍ജന്റീന, ബ്രസീല്‍, നമീബിയ എന്നീ അഞ്ച് രാജ്യങ്ങളാണ് പ്രധാനമന്ത്രി സന്ദര്‍ശിക്കുക. കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ പ്രധാനമന്ത്രി നടത്തുന്ന ഏറ്റവും ദൈര്‍ഘ്യമേറിയ വിദേശ സന്ദര്‍ശനമാണിത്. ജൂലൈ 9 വരെയാണ് ഈ യാത്ര.
ഘാന (ജൂലൈ 2-3): പ്രധാനമന്ത്രിയുടെ ആദ്യ സന്ദർശനം ഘാനയിലേക്കാണ്. 30 വർഷങ്ങൾക്ക് ശേഷമാണ് ഒരു ഇന്ത്യൻ പ്രധാനമന്ത്രി ഘാനയിലെത്തുന്നത്. വ്യാപാരം, ഊർജ്ജം, പ്രതിരോധം എന്നിവയിൽ സഹകരണം ശക്തിപ്പെടുത്തുന്നതിനും വികസന സഹകരണത്തിനും ഊന്നൽ നൽകും. ഘാനീസ് പ്രസിഡന്റുമായി പ്രധാനമന്ത്രി ചർച്ച നടത്തുകയും ഘാനീസ് പാർലമെന്റിനെ അഭിസംബോധന ചെയ്യുകയും ചെയ്യും.
ട്രിനിഡാഡ് ആൻഡ് ടൊബാഗോ (ജൂലൈ 3-4): ഘാനയിൽ നിന്ന് പ്രധാനമന്ത്രി ട്രിനിഡാഡ് ആൻഡ് ടൊബാഗോയിലേക്ക് തിരിക്കും. 26 വർഷങ്ങൾക്ക് ശേഷമുള്ള ഇന്ത്യൻ പ്രധാനമന്ത്രിയുടെ ട്രിനിഡാഡ് സന്ദർശനമാണിത്. പാർലമെന്റിന്റെ സംയുക്ത സമ്മേളനത്തെയും പ്രധാനമന്ത്രി അഭിസംബോധന ചെയ്യും.

അർജന്റീന (ജൂലൈ 4-5): തുടർന്ന് പ്രധാനമന്ത്രി അർജന്റീന സന്ദർശിക്കും. പ്രസിഡന്റ് ഹാവിയർ മിലെയുമായി കൂടിക്കാഴ്ച നടത്തുന്ന മോദി, പ്രതിരോധം, കൃഷി, ഖനനം, എണ്ണ, വാതകം, പുനരുപയോഗ ഊർജ്ജം, വ്യാപാരം, നിക്ഷേപം തുടങ്ങിയ മേഖലകളിലെ സഹകരണം വർധിപ്പിക്കുന്നതിനെക്കുറിച്ച് ചർച്ച ചെയ്യും.
ബ്രസീൽ (ജൂലൈ 5-8): സന്ദർശനത്തിലെ പ്രധാനപ്പെട്ട ഒന്നാണ് ബ്രസീലിലേക്കുള്ള യാത്ര. റിയോ ഡി ജനീറോയിൽ നടക്കുന്ന 17-ാമത് ബ്രിക്സ് ഉച്ചകോടിയിൽ പ്രധാനമന്ത്രി പങ്കെടുക്കും. ആഗോള ഭരണപരിഷ്കാരങ്ങൾ, കാലാവസ്ഥാ വ്യതിയാനം, സാമ്പത്തിക വിഷയങ്ങൾ എന്നിവ ഉച്ചകോടിയിൽ ചർച്ചയാകും. ഉച്ചകോടിക്ക് ശേഷം ബ്രസീലിയയിൽ പ്രസിഡന്റ് ലൂയിസ് ഇനാസിയോ ലുല ഡ സിൽവയുമായി ഉഭയകക്ഷി ചർച്ചകളും നടക്കും.
നമീബിയ (ജൂലൈ 9): യാത്രയുടെ അവസാന ഘട്ടത്തിൽ പ്രധാനമന്ത്രി നമീബിയ സന്ദർശിക്കും. മോദിയുടെ ആദ്യ നമീബിയ സന്ദർശനമാണിത്. 27 വർഷത്തിന് ശേഷമാണ് ഒരു ഇന്ത്യൻ പ്രധാനമന്ത്രി നമീബിയയിലെത്തുന്നത്. പ്രധാനമന്ത്രി നമീബിയൻ പാർലമെന്റിനെ അഭിസംബോധന ചെയ്യുമെന്നും പ്രതീക്ഷിക്കുന്നു.
പ്രധാനമന്ത്രി എന്ന നിലയില്‍ മോദിയുടെ രണ്ടാമത്തെ അഞ്ച് രാഷ്ട്ര സന്ദര്‍ശനമാണിത്. 2016-ല്‍ അദ്ദേഹം അമേരിക്ക, മെക്സിക്കോ, സ്വിറ്റ്സര്‍ലന്‍ഡ്, അഫ്ഗാനിസ്ഥാന്, ഖത്തര്‍ എന്നീ രാജ്യങ്ങള്‍ സന്ദര്‍ശിച്ചിരുന്നു.
