ഓട്ടവ : സീറ്റ് ഫോൾഡ് സ്വിച്ച് തകരാറിനെ തുടർന്ന് കാനഡയിൽ ഇരുപതിനായിരത്തിലധികം വാഹനങ്ങൾ തിരിച്ചുവിളിച്ചതായി ട്രാൻസ്പോർട്ട് കാനഡ അറിയിച്ചു. 2020-2025 മോഡൽ ഫോർഡ് എക്സ്പ്ലോറർ, ലിങ്കൺ ഏവിയേറ്റർ വാഹനങ്ങളുമാണ് തിരിച്ചുവിളിച്ചിരിക്കുന്നത്. കാനഡയിൽ മൊത്തം 20,298 തിരിച്ചുവിളിച്ചത്.

ഫോർഡ് എക്സ്പ്ലോറർ വാഹനങ്ങളുടെ രണ്ടാം നിരയിലുള്ള സീറ്റുകളിലെ സീറ്റ് ഫോൾഡ് സ്വിച്ചിന്‍റെ ട്രിം ശരിയായി ഇൻസ്റ്റാൾ ചെയ്തിട്ടില്ലെന്ന് ഏജൻസി പറയുന്നു. ഇതേതുടർന്ന് സീറ്റ്(കൾ) അപ്രതീക്ഷിതമായി മടങ്ങാനും ചിലപ്പോൾ മുന്നോട്ടോ പിന്നോട്ടോ നീങ്ങാനും സാധ്യതയുണ്ട്. ഇത് അപകടസമയത്ത് ആളുകൾക്ക് പരുക്കേൽക്കാനുള്ള സാധ്യത വർധിപ്പിക്കുന്നതായി ട്രാൻസ്പോർട്ട് കാനഡ പറയുന്നു. വാഹനഉടമകളെ മെയിൽ വഴി വിവരം അറിയിക്കുമെന്നും പരിശോധനയ്ക്കായി അവരുടെ എസ്‌യുവി ഒരു ഡീലർഷിപ്പിലേക്ക് എത്തിക്കണമെന്ന് നിർദ്ദേശിക്കുമെന്നും ഫോർഡ് കമ്പനി അറിയിച്ചു. ആവശ്യമെങ്കിൽ, സീറ്റ് ഫോൾഡ് സ്വിച്ച് ട്രിം മാറ്റിസ്ഥാപിക്കും.

അതേസമയം, 2020 മുതൽ 2025 മോഡൽ ലിങ്കൺ ഏവിയേറ്റർ വാഹനങ്ങളുടെ പിൻ പാസഞ്ചർ വാതിലുകളിലെ സി-പില്ലർ ട്രിം, വിൻഡോ ഡിവിഷൻ ബാർ എന്നിവ ശരിയായി ഘടിപ്പിച്ചിട്ടില്ലെന്ന് ട്രാൻസ്‌പോർട്ട് കാനഡ അറിയിച്ചു. ഉടമകളെ മെയിൽ വഴി അറിയിക്കുമെന്നും സി-പില്ലർ ട്രിമ്മുകളുടെയും വിൻഡോ ഡിവിഷൻ ബാറുകളുടെയും പരിശോധനയ്ക്കും അറ്റകുറ്റപ്പണികൾക്കും മാറ്റിസ്ഥാപിക്കലിനും വേണ്ടി അവരുടെ വാഹനം ഒരു ഡീലർഷിപ്പിലേക്ക് കൊണ്ടുപോകാൻ ഉപദേശിക്കുമെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.