ലണ്ടൻ ഒൻ്റാരിയോ : ലെജിയോണെയേഴ്സ് രോഗബാധയെ തുടർന്ന് നഗരത്തിൽ ഒരാൾ മരിച്ചതായി ലണ്ടൻ ഒൻ്റാരിയോ പബ്ലിക് ഹെൽത്ത്. നാൽപ്പതിലധികം ആളുകൾ രോഗബാധിതരായിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു. ലെജിയോണെയേഴ്സ് രോഗം ലെജിയോണെയേഴ്സ് ബാക്ടീരിയ മൂലമുണ്ടാകുന്ന ഗുരുതരമായ ശ്വാസകോശ രോഗമാണ്. ഇത് ന്യുമോണിയയിലേക്ക് നയിച്ചേക്കാം. ചുമ, ശ്വാസതടസ്സം, കടുത്ത പനി, പേശിവേദന, തലവേദന എന്നിവയാണ് ലക്ഷണങ്ങൾ.

43 കേസുകളാണ് നഗരത്തിൽ റിപ്പോർട്ട് ചെയ്തത്. ഈ കേസുകളിൽ ഭൂരിഭാഗവും കഴിഞ്ഞ ആഴ്ച റിപ്പോർട്ട് ചെയ്യപ്പെട്ടതാണെന്നും നഗരത്തിന്‍റെ തെക്കുകിഴക്കൻ ഭാഗത്തുള്ള ആറ് കിലോമീറ്റർ ചുറ്റളവിലാണെന്നും മിഡിൽസെക്സ്-ലണ്ടൻ ഹെൽത്ത് യൂണിറ്റ് അറിയിച്ചു. കഴിഞ്ഞ വർഷം ഒൻ്റാരിയോയിൽ 30 പേർക്ക് സമാനമായ രോഗം ബാധിക്കുകയും രണ്ടു പേർ മരിക്കുകയും ചെയ്തിരുന്നു.

നഗരത്തിലെ വാട്ടർ ടാങ്കുകൾ, കൂളിങ് ടവറുകൾ തുടങ്ങിയ ജലസ്രോതസ്സുകളിൽ ബാക്ടീരിയ സ്വാഭാവികമായും കാണപ്പെടുന്നുണ്ടെന്നും നിലവിലെ പകർച്ചവ്യാധിയുടെ ഉറവിടം തിരിച്ചറിയാൻ അന്വേഷണം ആരംഭിച്ചതായും ഹെൽത്ത് അതോറിറ്റി അറിയിച്ചു. പ്രവിശ്യയിലെ ലെജിയോണെലോസിസ് കേസുകളിൽ ഭൂരിഭാഗവും ജൂൺ മുതൽ സെപ്റ്റംബർ വരെയാണ് സംഭവിക്കുന്നതെന്നും ജൂലൈയിൽ സാധാരണയായി ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്നതെന്നും പബ്ലിക് ഹെൽത്ത് ഒൻ്റാരിയോ പറയുന്നു.