വിനിപെഗ് : കാട്ടുതീ നിയന്ത്രണാതീതമായി പടരുന്നതിനാൽ മാനിറ്റോബയിലെ രണ്ടു പട്ടണങ്ങളിൽ നിന്നും ജനങ്ങളെ ഒഴിപ്പിക്കുന്നു. ഓസ്ബോൺ തടാകത്തിന് സമീപം 7,000 ഹെക്ടറിലധികം ഭൂപ്രദേശത്ത് കാട്ടുതീ പടർന്നതോടെ സ്നോ ലേക്ക് പട്ടണത്തിൽ ഒഴിപ്പിക്കൽ ഉത്തരവ് നൽകി. കുക്ക് ലേക്കിന് സമീപം 15,000 ഹെക്ടറിൽ വരുന്ന കാട്ടുതീയും കമ്മ്യൂണിറ്റിക്ക് ഭീഷണി ഉയർത്തുന്നുണ്ട്. കാട്ടുതീ കാരണം മറ്റൊരു മാനിറ്റോബ പട്ടണമായ ഗാർഡൻ ഹിൽ ഫസ്റ്റ് നേഷനും ഒഴിപ്പിക്കൽ ഉത്തരവിലാണ്. ഇവിടെ 2,500 ഹെക്ടർ ഭൂപ്രദേശത്ത് നിയന്ത്രണാതീതമായി കാട്ടുതീ പടർന്നിട്ടുണ്ട്. എന്നാൽ, 160,000 ഹെക്ടറിൽ കൂടുതൽ കാട്ടുതീ പടരുന്ന ക്രോസ് ലേക്ക് കമ്മ്യൂണിറ്റിയിൽ ഇതുവരെ ഒഴിപ്പിക്കൽ ഉത്തരവ് നൽകിയിട്ടില്ല.

അതേസമയം, തോംസൺ സിറ്റിയിൽ 16,000 ഹെക്ടറിൽ കൂടുതൽ വ്യാപിച്ച കാട്ടുതീയെ പ്രതിരോധിക്കാൻ അഗ്നിശമന സേനാംഗങ്ങൾക്ക് കഴിയുന്നുണ്ടെന്ന് സിറ്റി അധികൃതർ അറിയിച്ചു. നേരിയ കാറ്റ്, മഴ എന്നിവയ്‌ക്കൊപ്പം താപനില കുറഞ്ഞതും അഗ്നിശമന സേനാംഗങ്ങളെ സഹായിച്ചതായി അധികൃതർ പറയുന്നു. നിലവിൽ ഒഴിപ്പിക്കാനുള്ള ഉത്തരവില്ലെന്നും തോംസൺ സിറ്റി അറിയിച്ചിട്ടുണ്ട്.