ഓട്ടവ : തീപിടിച്ച കാരണമായേക്കാവുന്ന എഞ്ചിൻ തകരാറിനെ തുടർന്ന് കൂടുതൽ എസ്‌യുവികൾ തിരിച്ചു വിളിച്ച് ഫോർഡ് കാനഡ. 2021, 2022, 2023, 2024 മോഡൽ ബ്രോങ്കോ സ്‌പോർട് എസ്‌യുവികളും 2020, 2021, 2022 മോഡൽ എസ്‌കേപ്പ് എന്നിവയാണ് പുതുതായി തിരിച്ചുവിളിച്ചിരിക്കുന്നത്.

ഈ വാഹനങ്ങളുടെ ഫ്യുവൽ ഇൻജക്ടർ പൊട്ടാൻ സാധ്യതയുണ്ടെന്നും ഇത് എഞ്ചിൻ കമ്പാർട്ടുമെൻ്റിലേക്ക് ഇന്ധനം ചോർന്നൊലിക്കാനും തീപിടുത്തമുണ്ടാകാൻ കാരണമാകുമെന്നും ട്രാൻസ്‌പോർട്ട് കാനഡ പറയുന്നു. 1.5 ലിറ്റർ ഇക്കോബൂസ്റ്റ് എഞ്ചിനുള്ള 70,618 വാഹനങ്ങളാണ് തിരിച്ചുവിളിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. വാഹന ഉടമകളെ മെയിൽ വഴി അറിയിക്കുമെന്നും ഡീലർഷിപ്പ് മെക്കാനിക്കുകൾ ഇന്ധന ഇൻജക്ടർ ചോർച്ച കണ്ടെത്തുന്നതിന് എഞ്ചിൻ കൺട്രോൾ സോഫ്റ്റ്‌വെയർ അപ്‌ഡേറ്റ് ചെയ്ത് ഇടക്കാല അറ്റകുറ്റപ്പണി നടത്തുമെന്നും ഫോർഡ് പറഞ്ഞു. തുടർന്ന് അവസാന അറ്റകുറ്റപ്പണിക്കുള്ള തീയതി പിന്നീട് അറിയിക്കുമെന്നും ഫോർഡ് കാനഡ അറിയിച്ചു.