ഷാർലെറ്റ്ടൗൺ : പ്രിൻസ് എഡ്വേഡ് ഐലൻഡ് നിവാസികൾക്കൊരു സന്തോഷവാർത്ത. പ്രവിശ്യയെ മറ്റു പ്രവിശ്യകളുമായി ബന്ധിപ്പിക്കുന്ന കോൺഫെഡറേഷൻ പാലത്തിലെ ടോൾ വെട്ടിക്കുറച്ചതായി പ്രധാനമന്ത്രി മാർക്ക് കാർണി പ്രഖ്യാപിച്ചു. ഇതോടെ ഓഗസ്റ്റ് 1 വെള്ളിയാഴ്ച മുതൽ 50 ഡോളറിൽ നിന്ന് 20 ഡോളറായി കുറയും. കൂടാതെ ഈസ്റ്റേൺ കാനഡ ഫെറി സർവീസുകളിലെ യാത്രക്കാർക്കും വാഹനങ്ങൾക്കും വാണിജ്യ ഗതാഗതത്തിനുമുള്ള നിരക്കുകൾ സർക്കാർ പകുതിയായി കുറയ്ക്കുകയും ആ സേവനങ്ങൾക്കുള്ള എല്ലാ ഇന്ധന സർചാർജുകളും ഇല്ലാതാക്കുമെന്നും അദ്ദേഹം അറിയിച്ചു. ഇതോടെ അന്തർപ്രവിശ്യാ യാത്രയും വ്യാപാരവും വർധിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.

കോൺഫെഡറേഷൻ പാലത്തിലെയും അറ്റ്ലാൻ്റിക് കാനഡയിലെ ഫെറികളിലെയും ടോളുകൾ കുറയ്ക്കുന്നതിലൂടെ, കനേഡിയൻ പൗരന്മാർക്ക് ലക്ഷക്കണക്കിന് ഡോളർ ലാഭിക്കാൻ സാധിക്കുമെന്ന് കാർണി പറയുന്നു. ദ്വീപിലേക്കും പുറത്തേക്കും യാത്ര ചെയ്യാൻ പാലത്തെ ആശ്രയിക്കുന്ന ദ്വീപുവാസികളെയും വിനോദസഞ്ചാരികളെയും സഹായിക്കുന്ന സുപ്രധാന മാറ്റമാണ് ഇതെന്നും അദ്ദേഹം പറഞ്ഞു. എല്ലാ വർഷവും ഏകദേശം പത്ത് ലക്ഷത്തോളം വാഹനങ്ങൾ കടന്നു പോകുന്ന, 100 കോടി ഡോളർ ചെലവിൽ നിർമ്മിച്ച 12.9 കിലോമീറ്റർ നീളമുള്ള കോൺഫെഡറേഷൻ പാലം 1997-ൽ ഗതാഗതത്തിനായി തുറന്നു കൊടുത്തു.

യുഎസുമായുള്ള വ്യാപാര യുദ്ധം നിലനിൽക്കുന്ന സാഹചര്യത്തിൽ അറ്റ്ലാൻ്റിക് കാനഡയിലുടനീളം ഗതാഗതം കൂടുതൽ ചിലവ് കുറഞ്ഞതാക്കുക എന്ന ലക്ഷ്യത്തോടെയാണ് പ്രഖ്യാപനം. പ്രസിഡൻ്റ് ഡോണൾഡ് ട്രംപിന്‍റെ കനേഡിയൻ ഉൽപ്പന്നങ്ങൾക്കുള്ള താരിഫ് വെള്ളിയാഴ്ച 25 ൽ നിന്ന് 35 ശതമാനമായി ഉയരുമെന്ന് പ്രതീക്ഷിക്കുന്നു.