ഓട്ടവ : കാനഡയുടെ പൊതു സുരക്ഷയ്ക്കും അതിർത്തി സുരക്ഷയ്ക്കും ആശങ്ക ഉയർത്തി ഗുരുതര കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ട നിരവധി വിദേശ പൗരന്മാർ മുങ്ങിനടക്കുന്നതായി റിപ്പോർട്ട്. ഇതോടെ വിദേശ കുറ്റവാളികളെ കണ്ടെത്തുന്നതിനും നാടുകടത്തുന്നതിനുമുള്ള നിലവിലെ ഫെഡറൽ സർക്കാർ നടപടികളുടെ ഫലപ്രാപ്തിയെക്കുറിച്ച് ചോദ്യമുയരുകയാണ്. നാടുകടത്തലിന് വിധേയരായ, ക്രിമിനൽ പശ്ചാത്തലമുള്ള ഏകദേശം 600 വിദേശ പൗരന്മാർ മുങ്ങിയതായി കാനഡ ബോർഡർ സർവീസസ് ഏജൻസി (സിബിഎസ്എ) അറിയിച്ചു. അവരിൽ 431 പേർ ലൈംഗികാതിക്രമം ഉൾപ്പെടെയുള്ള ഗുരുതരമായ ശിക്ഷിക്കപ്പെട്ടവരാണെന്നത് ആശങ്ക വർധിപ്പിക്കുന്നു.

കാനഡയിൽ കുറ്റകൃത്യങ്ങളിൽ ശിക്ഷിക്കപ്പെട്ട 1,635 വിദേശ പൗരന്മാർ നിലവിൽ നാടുകടത്തൽ നേരിടുന്നുണ്ടെന്ന് സിബിഎസ്എയുടെ ഏറ്റവും പുതിയ ഡാറ്റ സൂചിപ്പിക്കുന്നു. ഇതിൽ 599 പേർ നാടുകടത്തൽ നടപടികൾക്ക് ഹാജരാകാതിരുന്നതിനാൽ സിബിഎസ്എയുടെ “വാണ്ടഡ്” പട്ടികയിൽ ഇടം നേടി. ഇതിൽ 315 പേരെ മൂന്ന് വർഷത്തിലേറെയായ കാണാതായിട്ട്. 46 പേരെ രണ്ട് വർഷത്തിലേറെയായും കാണാതായതായി സിബിഎസ്എ റിപ്പോർട്ട് ചെയ്തു. നാടുകടത്തൽ നേരിടുന്ന 1,635 പേരിൽ 401 പേർ നിലവിൽ ജയിൽ ശിക്ഷ അനുഭവിക്കുന്നവരാണ്. ഇവർ ജയിൽ മോചിതരാകുന്നതോടെ കാനഡയിൽ നിന്നും നാടുകടത്തും. സിബിഎസ്എയുടെ കണ്ണുവെട്ടിച്ച് പിടികിട്ടാപ്പുള്ളികളായ വിലസുന്നവരിൽ ഭൂരിപക്ഷവും മെക്സിക്കൻ പൗരന്മാരാണ് (7,009 പേർ). ഇന്ത്യൻ വംശജരാണ് പട്ടികയിൽ രണ്ടാം സ്ഥാനത്ത്. 5,844 പേർ. യു.എസ്. (1,786), ചൈന (1,459), ഹെയ്തി (1,056), നൈജീരിയ (972), കൊളംബിയ (885), പാക്കിസ്ഥാൻ (845), ചിലി (550), ബ്രസീൽ (524) എന്നിവരാണ് മറ്റുള്ളവർ. കൂടാതെ വിവിധ രാജ്യങ്ങളിൽ നിന്നുള്ള 9,867 പൗരന്മാരും പിടികിട്ടാപ്പുള്ളികളുടെ പട്ടികയിലുണ്ട്.
കാണാതായ കുറ്റവാളികളെ കണ്ടെത്തുന്നതിലും പിടികൂടുന്നതിലും നിരവധി വെല്ലുവിളികളാണ് സിബിഎസ്എ നേരിടുന്നത്. നാടുകടത്തലിന് വിധേയരായ കുറ്റവാളികൾക്ക് പലപ്പോഴും പിടിക്കപ്പെടാതിരിക്കാൻ ശക്തമായ പിന്തുണ ലഭിക്കുന്നുണ്ടെന്ന് സിബിഎസ്എ വക്താവ് ലൂക്ക് റീമർ പറയുന്നു. ചിലർക്ക് കുടുംബാംഗങ്ങളും കമ്മ്യൂണിറ്റി അംഗങ്ങളും അഭയം നൽകുന്നു. കൂടാതെ മറ്റു ചിലർ വ്യാജ പേരിലും വിലാസത്തിലുമാണ് താമസിക്കുന്നതെന്നും ലൂക്ക് റീമർ വിശദീകരിച്ചു.

വിദേശ കുറ്റവാളികളെ കാണാതായ വിഷയം കാനഡയുടെ കുടിയേറ്റ നയങ്ങളെക്കുറിച്ചുള്ള ചർച്ചകൾക്ക് തുടക്കമിട്ടിട്ടുണ്ട്. കാനഡയുടെ കുടിയേറ്റ, അഭയാർത്ഥി സംരക്ഷണ നിയമം ദേശീയ സുരക്ഷയ്ക്ക് മുൻഗണന നൽകുന്നുണ്ടെങ്കിലും ഇത് നടപ്പിലാക്കുന്നതിനുള്ള സംവിധാനങ്ങൾ ശക്തിപ്പെടുത്തേണ്ടതുണ്ടെന്ന് ലോയേഴ്‌സ് ഫോർ സെക്യുർ ഇമിഗ്രേഷനിലെ അംഗമായ റാണ്ടി ഹാൻ പറയുന്നു. ചില കൊടുംകുറ്റവാളികൾ വർഷങ്ങളായി പിടികിട്ടാപ്പുള്ളികളായി വിലസുമ്പോൾ കൂടുതൽ ശക്തമായ ട്രാക്കിങ്, നാടുകടത്തൽ നിയമങ്ങൾ ആവശ്യമാണെന്ന് ഹാൻ പറഞ്ഞു.