ഫ്രെഡറിക്ടൺ : ന്യൂബ്രൺസ്വിക് മിറാമിച്ചിയിലെ ഗ്രാമപ്രദേശത്ത് പടർന്നു പിടിച്ച കാട്ടുതീ ഏകദേശം 160 ഹെക്ടർ പ്രദേശത്ത് പടർന്നതായി പ്രവിശ്യാ പ്രകൃതിവിഭവ വകുപ്പ് (DNR) അറിയിച്ചു. ബുധനാഴ്ച ആരംഭിച്ച കാട്ടുതീ തുടക്കത്തിൽ ഏകദേശം 20 ഹെക്ടർ പ്രദേശത്ത് വ്യാപിച്ചിരുന്നു. തുടർന്ന് വെള്ളിയാഴ്ചയോടെ തീപിടുത്തം 65 ഹെക്ടറായി വളർന്നു. കാട്ടുതീ നിയന്ത്രിക്കുന്നതിനായി കെബെക്കിൽ നിന്നും രണ്ട് സ്കിമ്മർ വിമാനങ്ങൾ എത്തിയിട്ടുണ്ട്. അതേസമയം സെൻ്റ് പോളിലും ഹാർവിക്ക് സമീപവും വെള്ളിയാഴ്ച ഉണ്ടായ രണ്ട് തീപിടുത്തങ്ങൾ ഇപ്പോൾ നിയന്ത്രണവിധേയമാണെന്ന് ഡിഎൻആർ ചൂണ്ടിക്കാട്ടി.

കാട്ടുതീ കാരണം മിറാമിച്ചിക്കടുത്തുള്ള ഹൈവേ 8 വെള്ളിയാഴ്ച വൈകുന്നേരം 5 മണിയോടെ റൂട്ട് 450 നും ഓൾഡ്‌ഫീൽഡ് റോഡിനും റൂട്ട് 450 നും ഓൾഡ്‌ഫീൽഡ് റോഡിനും ഇടയിലുള്ള ഭാഗം അടച്ചു. കൂടാതെ റസ്സൽവിൽ റോഡും മക്‌ഹാർഡി റോഡും അടച്ചിട്ടിരിക്കുകയാണെന്നും വാഹനഗതാഗതം നെഗുവാക്കിലേക്ക് തിരിച്ചുവിട്ടതായും ന്യൂബ്രൺസ്വിക് ആർസിഎംപി റിപ്പോർട്ട് ചെയ്തു.
