ഓട്ടവ : ഫ്ലൈറ്റ് അറ്റൻഡൻ്റുകളുടെ പണിമുടക്കിന് മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ ഇന്ന് പുറപ്പെടേണ്ടിയിരുന്ന ചില വിമാനങ്ങൾ റദ്ദാക്കിയതായി എയർ കാനഡ അറിയിച്ചു. ഏകദേശം 10,000 എയർ കാനഡ ഫ്ലൈറ്റ് അറ്റൻഡൻ്റുകളെ പ്രതിനിധീകരിക്കുന്ന യൂണിയൻ ശനിയാഴ്ച പുലർച്ചെ 1 മണിക്ക് മുമ്പ് പണിമുടക്കാൻ ഒരുങ്ങുകയാണ്. പണിമുടക്ക് ആരംഭിക്കാനിരിക്കെ വ്യാഴാഴ്ച വിമാനങ്ങൾ റദ്ദാക്കാൻ തുടങ്ങുമെന്ന് എയർ കാനഡ അറിയിച്ചു. തുടർന്ന് വെള്ളിയാഴ്ച കൂടുതൽ തടസ്സങ്ങളുണ്ടാകും. ഫ്ലൈറ്റ് അറ്റൻഡന്‍റസ് യൂണിയനുമായി അവസാന നിമിഷം ഒരു കരാറിലെത്തിയില്ലെങ്കിൽ ശനിയാഴ്ച വിമാന സർവീസ് പൂർണ്ണമായി അവസാനിപ്പിക്കുമെന്നും എയർലൈൻ അറിയിച്ചിട്ടുണ്ട്. വിമാനങ്ങൾ റദ്ദാക്കിയ യാത്രക്കാർക്ക് പൂർണ്ണമായ റീഫണ്ടിന് അർഹതയുണ്ടാകുമെന്നും മറ്റ് കനേഡിയൻ, വിദേശ വിമാനക്കമ്പനികളുമായി ചേർന്ന് ബദൽ യാത്രാ മാർഗ്ഗങ്ങൾ നൽകുന്നതിനുള്ള ക്രമീകരണങ്ങളും നടത്തിയിട്ടുണ്ടെന്നും എയർ കാനഡ റിപ്പോർട്ട് ചെയ്തു.

അതേസമയം ഫെഡറൽ സർക്കാരിനോട് തർക്കത്തിൽ ഇടപെടണമെന്നും ആർബിട്രേഷൻ നടപ്പിലാക്കണമെന്നും എയർ കാനഡ അഭ്യർത്ഥിച്ചിരുന്നു. എയർ കാനഡയുടെ അഭ്യർത്ഥന അംഗീകരിച്ച ഫെഡറൽ തൊഴിൽ മന്ത്രി പാറ്റി ഹാജ്ഡു യൂണിയനോട് കരാർ ചർച്ച ആരംഭിക്കാൻ നിർദ്ദേശം നൽകിയിരുന്നു.