ബ്രാംപ്ടൺ : നഗരത്തിൽ നിന്നും കാണാതായ എട്ട് മാസം പ്രായമുള്ള ആൺകുട്ടിയെ സുരക്ഷിതമായി കണ്ടെത്തിയതായി പീൽ റീജനൽ പൊലീസ് (പിആർപി) റിപ്പോർട്ട് ചെയ്തു. ഇതോടെ വൈകുന്നേരം ആറുമണിയോടെ അയച്ച ആംബർ അലേർട്ട് 40 മിനിറ്റിനുശേഷം റദ്ദാക്കി. എന്നാൽ, കേസിലെ പ്രതിയെ കണ്ടെത്തിയോ എന്നതിനെക്കുറിച്ച് വിവരം പുറത്തുവിട്ടിട്ടില്ല. ആൺകുട്ടിയെ കൃത്യമായി എവിടെ നിന്നാണ് കണ്ടെത്തിയതെന്ന് വ്യക്തമല്ല.

ഉച്ചകഴിഞ്ഞ് 3:15 ഓടെ സ്റ്റീൽസ് അവന്യൂവിലെ ബാർട്ട്ലി ബുൾ പാർക്ക്‌വേയിലാണ് കുട്ടിയെ അവസാനമായി കണ്ടതെന്ന് പിആർപി വക്താവ് റിപ്പോർട്ട് ചെയ്തിരുന്നു. കുട്ടിയുടെ തിരോധാനവുമായി ബന്ധപ്പെട്ട് CZLM113 ലൈസൻസ് പ്ലേറ്റുള്ള 2023 മോഡൽ നിസ്സാൻ റോഗിൽ സഞ്ചരിക്കുന്ന 40 വയസ്സുള്ള ഷഹസൈബ് മേമനെ അന്വേഷിക്കുന്നതായി അധികൃതർ അറിയിച്ചിരുന്നു.
