വിനിപെഗ് : പ്രവിശ്യയിലെ വീട്ടുടമസ്ഥര്‍ക്ക് അടുത്ത വർഷം റെസിഡൻഷ്യൽ വാടക 1.8% വർധിപ്പിക്കാമെന്ന് മാനിറ്റോബ സർക്കാർ പ്രഖ്യാപിച്ചു. മാനിറ്റോബയുടെ ഉപഭോക്തൃ വില സൂചികയെ അടിസ്ഥാനമാക്കിയാണ് വാടക പരിധി നിശ്ചയിച്ചിരിക്കുന്നത്. എന്നാൽ, പ്രതിമാസം 1,670 ഡോളർ അല്ലെങ്കിൽ അതിൽ കൂടുതലുള്ള വാടക വീടുകൾ, സർക്കാർ ഉടമസ്ഥതയിലുള്ളതോ സർക്കാരിനുവേണ്ടിയോ നടത്തുന്നതോ ആയ വാടക വീടുകൾ, വിവിധ തരം സോഷ്യൽ ഹൗസിങ്ങുകൾ എന്നിവയ്ക്ക് ഈ മാറ്റം ബാധകമല്ലെന്ന് സർക്കാർ അറിയിച്ചു. ലൈഫ് ലീസ് യൂണിറ്റുകൾ, സഹകരണ യൂണിറ്റുകൾ, അംഗീകൃത പുനരധിവസിപ്പിച്ച വാടക യൂണിറ്റുകൾ എന്നിവ ഒഴിവാക്കലുകളിൽ ഉൾപ്പെടുന്നു.

അതേസമയം വാടക വർധന പ്രാബല്യത്തിൽ വരുന്നതിന് കുറഞ്ഞത് മൂന്ന് മാസം മുമ്പെങ്കിലും വാടകക്കാരന് രേഖാമൂലമുള്ള അറിയിപ്പ് നൽകണം. കൂടാതെ വീട്ടുടമസ്ഥർക്ക് വർഷത്തിൽ ഒരിക്കൽ മാത്രമേ വാടക വർധിപ്പിക്കാൻ അനുവാദമുള്ളു. അപ്പാർട്ടുമെൻ്റുകൾ, വീടുകൾ, ഡ്യൂപ്ലക്സുകൾ എന്നിവയുൾപ്പെടെ മിക്ക റെസിഡൻഷ്യൽ വാടക പ്രോപ്പർട്ടികൾക്കും ഇത് ബാധകമാണ്. വാടക വർധനയെക്കുറിച്ച് കൂടുതലറിയാൻ മാനിറ്റോബ നിവാസികൾക്ക് 204-945-2476 എന്ന നമ്പറിൽ റെസിഡൻഷ്യൽ ടെനൻസീസ് ബ്രാഞ്ചിലേക്ക് വിളിക്കാം.