ഓട്ടവ : വർധിച്ചുവരുന്ന ജീവിതച്ചെലവ് പരിഹരിക്കുന്നതിനൊപ്പം കുറഞ്ഞ വേതനക്കാരെ സാമ്പത്തിക സ്ഥിരതയിലെത്തിക്കാനും കാനഡയിലെ 5 പ്രവിശ്യകളിൽ ഒക്ടോബർ 1 മുതൽ പുതിയ മിനിമം വേതനം പ്രാബല്യത്തിൽ വരും. പണപ്പെരുപ്പത്തെയോ സിപിഐയെയോ അടിസ്ഥാനമാക്കിയാണ് മിക്ക പ്രവിശ്യകളും വാർഷികമായോ ദ്വിവത്സരമായോ മിനിമം വേതനം ക്രമീകരിക്കുന്നത്. ഒൻ്റാരിയോ, മാനിറ്റോബ, സസ്കാച്വാൻ, നോവസ്കോഷ, പ്രിൻസ് എഡ്വേഡ് ഐലൻഡ് എന്നീ അഞ്ച് കനേഡിയൻ പ്രവിശ്യകളാണ് മിനിമം വേതന വർധന നടപ്പിലാക്കുന്നത്.
ഒൻ്റാരിയോ
ഒൻ്റാരിയോയിൽ പൊതു മിനിമം വേതനം 2024 ഒക്ടോബർ 1 മുതൽ പ്രാബല്യത്തിൽ വന്ന മണിക്കൂറിന് 17.20 ഡോളറിൽ നിന്നും 2025 ഒക്ടോബർ 1 മുതൽ മണിക്കൂറിന് 17.60 ഡോളർ ആയി വർധിപ്പിക്കും. 2025 മാർച്ചിൽ പ്രഖ്യാപിച്ച വേതന വർധന തൊഴിലാളികളെ സാമ്പത്തിക സമ്മർദ്ദങ്ങളിൽ നിന്നും കരകയറ്റാൻ സഹായിക്കും.

മാനിറ്റോബ
നിലവിലുള്ള മണിക്കൂറിന് 15.80 ഡോളറിൽ നിന്നും ഒക്ടോബർ 1 മുതൽ മാനിറ്റോബയിലെ മിനിമം വേതനം 16.00 ഡോളറായി ഉയരും. പ്രവിശ്യാ ഉപഭോക്തൃ വില സൂചിക (സിപിഐ) അടിസ്ഥാനമാക്കിയാണ് മാനിറ്റോബ സർക്കാർ മിനിമം വേതനം ക്രമീകരിക്കുന്നത്.
സസ്കാച്വാൻ
സസ്കാച്വാനിലെ മിനിമം വേതനം ഒക്ടോബർ 1 മുതൽ മണിക്കൂറിന് 15.35 ഡോളറായി വർധിക്കും. നിലവിൽ മണിക്കൂറിന് 15.00 ഡോളറാണ് മിനിമം വേതനം.

നോവസ്കോഷ
വർധിച്ചു വരുന്ന ജീവിതച്ചെലവുകൾക്കിടയിൽ തൊഴിലാളികളെ സഹായിക്കുന്നതിനായി നോവസ്കോഷ സർക്കാർ രണ്ട് മിനിമം വേതന വർധനയാണ് ഈ വർഷം നടപ്പിലാക്കുന്നത്. ആദ്യ ഘട്ടത്തിൽ 2024 ഏപ്രിൽ 1 ന് നിശ്ചയിച്ച മണിക്കൂറിന് 15.20 ഡോളറിൽ നിന്ന് 2025 ഏപ്രിൽ 1 മുതൽ മിനിമം വേതനം മണിക്കൂറിന് 15.70 ഡോളറായി നോവസ്കോഷ സർക്കാർ ഉയർത്തിയിരുന്നു. ഒക്ടോബർ 1 മുതൽ കൂടുതൽ വർധന നടപ്പിലാക്കാൻ പ്രവിശ്യാ സർക്കാർ പദ്ധതിയിട്ടിട്ടുണ്ട്. അന്ന് ഏറ്റവും കുറഞ്ഞ മണിക്കൂർ വേതനം മണിക്കൂറിന് 16.50 ഡോളറിൽ എത്തും.
പ്രിൻസ് എഡ്വേഡ് ഐലൻഡ്
ഒക്ടോബർ 1 മുതൽ പ്രിൻസ് എഡ്വേഡ് ഐലൻഡിലെ (PEI) കുറഞ്ഞ വേതനം മണിക്കൂറിന് 16.00 ഡോളറിൽ നിന്ന് 16.50 ഡോളറായി ഉയരും. കൂടാതെ, 2026 ഏപ്രിൽ 1 മുതൽ മണിക്കൂറിന് 17.00 ഡോളറായി മിനിമം വേതനം വർധിപ്പിക്കാൻ പ്രവിശ്യാ സർക്കാർ തീരുമാനിച്ചിട്ടുണ്ട്.