ഒറെം, യൂട്ടാ : യുഎസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപിന്‍റെ വിശ്വസ്തനും വലതുപക്ഷ ആക്ടിവിസ്റ്റുമായ ചാർലി കിർക്ക് വെടിയേറ്റു മരിച്ച സംഭവത്തിൽ പ്രതിയെന്ന് സംശയിക്കുന്നയാളുടെ ചിത്രങ്ങൾ പുറത്തുവിട്ട് ഫെഡറൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ (എഫ്ബിഐ). ടീഷർട്ടും ജീൻസും തൊപ്പിയും കൂളിങ് ഗ്ലാസും ധരിച്ച ചെറുപ്പക്കാരന്‍റെ ചിത്രമാണ് എഫ്ബിഐ പുറത്തുവിട്ടത്. പ്രതിയെ പിടികൂടാൻ ജനങ്ങൾ സഹായിക്കണമെന്നും അധികൃതർ അഭ്യർത്ഥിച്ചു. അറസ്റ്റിലേക്ക് നയിക്കുന്ന വിവരങ്ങൾ നൽകുന്നവർക്ക് 100,000 ഡോളർ പാരിതോഷികവും എഫ്ബിഐ പ്രഖ്യാപിച്ചിട്ടുണ്ട്.

അതേസമയം, കിർക്കിന് മരണാനന്തര ബഹുമതിയായി പ്രസിഡൻഷ്യൽ മെഡൽ ഓഫ് ഫ്രീഡം നൽകുമെന്ന് ട്രംപ് പ്രഖ്യാപിച്ചു. യുഎസിൽ സാധാരണക്കാരന് നൽകുന്ന ഏറ്റവും വലിയ പുരസ്കാരമാണിത്. തീവ്ര വലതുപക്ഷ ആക്ടിവിസ്റ്റും ട്രംപ് അനുകൂല മാധ്യമപ്രവർത്തകനുമായിരുന്നു കിർക്ക്. യൂട്ടവാലി സർവകലാശാലയിൽ നടന്ന ചടങ്ങിനിടെയാണ് കിർക്കിന് വെടിയേറ്റത്.
