എഡ്മിന്‍റൻ : പ്രവിശ്യാ വ്യാപക പണിമുടക്കിന് മൂന്ന് ആഴ്ചയിൽ താഴെ മാത്രം ബാക്കി നിൽക്കെ ആൽബർട്ട സർക്കാരും അധ്യാപക യൂണിയനും കരാർ ചർച്ച പുനഃരാരംഭിച്ചു. ആൽബർട്ട ടീച്ചേഴ്‌സ് അസോസിയേഷനുമായുള്ള ചർച്ച പുനഃരാരംഭിച്ചതായി ധനമന്ത്രി നേറ്റ് ഹോർണറുടെ ഓഫീസ് സ്ഥിരീകരിച്ചു. യൂണിയന് മുന്നിൽ പുതിയ കരാർ സർക്കാർ അവതരിപ്പിച്ചിട്ടുണ്ട്. അതേസമയം അധ്യാപകർ ദുരുദ്ദേശ്യത്തോടെ വിലപേശുന്നുവെന്ന സർക്കാർ ആരോപണം ഇരുപക്ഷവും പരിഹരിച്ചതായി ആൽബർട്ടയുടെ ലേബർ റിലേഷൻസ് ബോർഡ് അറിയിച്ചു. ഒക്ടോബർ 6നകം കരാറിൽ എത്തിയില്ലെങ്കിൽ പണിമുടക്ക് ആരംഭിക്കുമെന്ന് 51,000 അധ്യാപകരെ പ്രതിനിധീകരിക്കുന്ന യൂണിയൻ പ്രഖ്യാപിച്ചിരുന്നു. പണിമുടക്ക് ആരംഭിച്ചാൽ 2,500 സ്കൂളുകളിലായി ഏഴ് ലക്ഷത്തിലധികം വിദ്യാർത്ഥികളുടെ പഠനം മുടങ്ങും.

കഴിഞ്ഞ ആഴ്ച യൂണിയൻ തങ്ങളുടെ ആവശ്യങ്ങൾ ഉന്നയിച്ച് പുതിയ ഓഫർ മുന്നോട്ടുവച്ചിരുന്നു. എന്നാൽ, പുതിയ ഓഫറിൽ എന്താണ് ഉൾപ്പെട്ടിരിക്കുന്നതെന്ന് യൂണിയൻ പ്രസിഡൻ്റ് ജേസൺ ഷില്ലിങ് വ്യക്തമാക്കിയിട്ടില്ല. അതേസമയം ആൽബർട്ട സർക്കാർ അധ്യാപകക്ഷാമം പരിഹരിക്കുന്നതിന് 3,000 അധ്യാപകരെ നിയമിക്കുമെന്ന് അറിയിച്ചിട്ടുണ്ട്.