Tuesday, October 14, 2025

ശ്വാസകോശ രോഗ സീസൺ ആരംഭിക്കുന്നു: ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ

ഓട്ടവ : കുട്ടികൾ വീണ്ടും സ്കൂളിൽ പോകുകയും തണുത്ത കാലാവസ്ഥ എത്തുകയും ചെയ്യുന്നതോടെ പല രോഗങ്ങളും, പ്രത്യേകിച്ച് ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ തിരിച്ചുവരവ് ആരംഭിച്ചിരിക്കുകയാണ്. മഹാമാരിയിലാണെന്ന മട്ടിൽ പെരുമാറേണ്ടതില്ലെങ്കിലും, ധാരാളം വൈറസുകളും അണുക്കളും ഇപ്പോഴും പടരുന്നുണ്ടെന്ന് ആരോഗ്യ വിദഗ്ദ്ധർ പറയുന്നു. ശ്വാസകോശ സംബന്ധമായ അസുഖങ്ങളിൽ നിന്നും എങ്ങനെ സ്വയം പരിരക്ഷിക്കാമെന്ന് ചിന്തിക്കേണ്ട സമയം ആഗതമായതായി ഹോസ്പിറ്റൽ ഫോർ സിക്ക് ചിൽഡ്രൻസ് ഡിവിഷൻ ഓഫ് ഇൻഫെക്ഷ്യസ് ഡിസീസസിലെ സ്റ്റാഫ് ഫിസിഷ്യൻ ഡോ. പിയറി-ഫിലിപ്പ് പിച്ചെ-റെനോഡ് പറയുന്നു. COVID-19, ഇൻഫ്ലുവൻസ (ഫ്ലൂ), റെസ്പിറേറ്ററി സിൻസിറ്റിയൽ വൈറസ് (RSV), മീസിൽസ് എന്നിവയാണ് നിലവിൽ പടരുമെന്ന് പ്രതീക്ഷിക്കുന്ന പ്രധാന വൈറസുകളെന്ന് ടൊറൻ്റോ പബ്ലിക് ഹെൽത്ത് (TPH) റിപ്പോർട്ട് ചെയ്തു.

അവയിൽ ഓരോന്നിനെക്കുറിച്ചും അറിയേണ്ട കാര്യങ്ങളും അവ ഒഴിവാക്കുന്നതിനും ആരോഗ്യം നിലനിർത്തുന്നതിനുമുള്ള മാർഗ്ഗങ്ങൾ ഇതാ :

കോവിഡ് – 19

വേനൽക്കാലത്തിന്‍റെ അവസാനത്തോടെ രാജ്യത്തുടനീളം കോവിഡ് രോഗികളുടെ എണ്ണം വീണ്ടും ഉയരാൻ തുടങ്ങിയിട്ടുണ്ട്. കഴിഞ്ഞ രണ്ട് വർഷത്തെപ്പോലെ ശരത്കാലം മുഴുവൻ കോവിഡ് ബാധിതരുടെ എണ്ണം ഉയരാൻ സാധ്യതയുണ്ടെന്ന് യൂണിവേഴ്സിറ്റി ഹെൽത്ത് നെറ്റ്‌വർക്കിലെ പകർച്ചവ്യാധി വിദഗ്ധനായ ഡോ. ഐസക് ബൊഗോച്ച് പറയുന്നു. എന്നാൽ, നിലവിൽ ആശങ്കയ്ക്ക് വകയില്ലെന്നും അദ്ദേഹം അറിയിച്ചു. 2022 അവസാനം മുതൽ, ലോകം “ഒമിക്രോൺ യുഗത്തിലാണ്”, ബൊഗോച്ച് പറയുന്നു. ആ മാറ്റങ്ങളുടെ ഒരു ഭാഗം, അണുബാധ തടയുന്നതിനും പകരുന്നത് തടയുന്നതിനും എതിരെ വാക്സിനുകൾ മുമ്പ് ഉണ്ടായിരുന്നത്ര ഫലപ്രദമല്ല എന്നതാണ്. 65 വയസ്സിനു മുകളിലുള്ളവർ, ലോങ് ടേം കെയർ ഹോമുകളിലും ക്രോണിക് കെയർ ഹോമുകളിലും താമസിക്കുന്നവർ, കീമോതെറാപ്പിക്ക് വിധേയരാകുന്നവർ, രോഗപ്രതിരോധശേഷി കുറഞ്ഞവർ എന്നിവർ കോവിഡിനെതിരെ വാക്സിൻ സ്വീകരിക്കണമെന്ന് ഡോ. ഐസക് ബൊഗോച്ച് നിർദ്ദേശിച്ചു.

ഇൻഫ്ലുവൻസ (ഫ്ലൂ)

സാധാരണയായി ഫ്ലൂ എന്നറിയപ്പെടുന്ന ഇൻഫ്ലുവൻസ, ഇൻഫ്ലുവൻസ വൈറസുകൾ മൂലമുണ്ടാകുന്ന ഒരു പകർച്ചവ്യാധിയാണ്. പലപ്പോഴും പനി, മൂക്കൊലിപ്പ്, തൊണ്ടവേദന, പേശി വേദന, തലവേദന, ചുമ, ക്ഷീണം എന്നിവയാണ് പ്രധാന രോഗലക്ഷണങ്ങൾ. വൈറസ് ബാധിച്ചതിന് ശേഷം ഒന്ന് മുതൽ നാല് (സാധാരണയായി രണ്ട്) ദിവസങ്ങൾക്ക് ശേഷം ഈ ലക്ഷണങ്ങൾ ആരംഭിച്ച് ഏകദേശം രണ്ട് മുതൽ എട്ട് ദിവസം വരെ നീണ്ടുനിൽക്കും. അതേസമയം കുട്ടികളിൽ വയറിളക്കവും ഛർദ്ദിയും ഉണ്ടാകാം.

ഒൻ്റാരിയോയിൽ സെപ്റ്റംബർ 22-ന് ആരംഭിക്കുന്ന ആഴ്ച മുതൽ കോവിഡ്-19, ഫ്ലൂ വാക്സിനേഷൻ ഘട്ടം ഘട്ടമായുള്ള വിതരണം ആരംഭിക്കുമെന്ന് ചീഫ് മെഡിക്കൽ ഓഫീസർ ഓഫ് ഹെൽത്ത് ഡോ. കീരൻ മൂർ അറിയിച്ചു. ആദ്യം കോവിഡ്-19 വാക്സിനുകളായിരിക്കും വിതരണം ചെയ്യുക. തുടർന്ന് സെപ്റ്റംബർ 29 മുതൽ ഫ്ലൂ വാക്സിനുകൾ ലഭ്യമാകും. ആദ്യ ഘട്ടത്തിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ച രോഗികൾ, ആശുപത്രി ജീവനക്കാർ, ലോങ് ടേം കെയർ ഹോമുകൾ, ക്രോണിക് കെയർ ഹോമുകൾ എന്നിവയിലെ താമസക്കാർ, ജീവനക്കാർ, 65 വയസ്സിനു മുകളിൽ പ്രായമുള്ളവർ എന്നിവർക്ക് ആയിരിക്കും വാക്സിനുകൾ ലഭിക്കുക. ഒക്ടോബർ 27 മുതൽ ചില ഫാർമസികൾ, പൊതുജനാരോഗ്യ യൂണിറ്റുകൾ, ഡോക്ടർ, നഴ്‌സ് പ്രാക്ടീഷണർ ഓഫീസുകൾ എന്നിവിടങ്ങളിൽ പൊതുജനങ്ങൾക്ക് സൗജന്യ ഫ്ലൂ, COVID-19 വാക്സിനുകൾ ലഭിക്കും.

റെസ്പിറേറ്ററി സിൻസിറ്റിയൽ വൈറസ് (RSV)

ശിശുക്കൾക്കും പ്രായമായവർക്കും ഏറ്റവും അപകടകരമായ മറ്റൊരു ശ്വാസകോശ രോഗമായ റെസ്പിറേറ്ററി സിൻസിറ്റിയൽ വൈറസിനെതിരെയുള്ള വാക്സിനുകൾ ഈ വർഷം ഒൻ്റാരിയോയിലെ മുതിർന്നവരുടെ ആർ‌എസ്‌വി പ്രതിരോധ പരിപാടിയിലൂടെ വിപുലീകരിക്കും. സെപ്റ്റംബർ 22 മുതൽ, 60 മുതൽ 74 വയസ്സ് വരെ പ്രായമുള്ള ഒൻ്റാരിയോ നിവാസികൾക്ക് അബ്രിസ്വോ, അരെക്സ്വി എന്നീ ആർ‌എസ്‌വി വാക്സിനുകൾ സ്വീകരിക്കാൻ അർഹതയുണ്ട്. ഒക്ടോബർ 1 മുതൽ എട്ട് മാസം വരെ പ്രായമുള്ള നവജാതശിശുക്കൾക്കും ശിശുക്കൾക്കും, രണ്ടാമത്തെ ആർ‌എസ്‌വി സീസണിൽ 24 മാസം വരെ പ്രായമുള്ള കുട്ടികൾക്കും ബെയ്‌ഫോർട്ടസ് വാക്സിൻ ലഭിക്കും. ഗർഭിണികൾക്കും അവരുടെ കുഞ്ഞുങ്ങളെ സംരക്ഷിക്കാൻ അബ്രിസ്വോ വാക്സിൻ ലഭിക്കും.

അഞ്ചാംപനി

വർഷങ്ങൾക്ക് ശേഷം കാനഡയിലുടനീളം അഞ്ചാംപനി പടർന്നു പിടിച്ച വർഷമായിരുന്നു 2024. തുടർന്ന് ഈ വർഷം ഒൻ്റാരിയോയിൽ അഞ്ചാംപനി ബാധിതരുടെ എണ്ണം കുതിച്ചുയർന്നു. മീസിൽസ് വൈറസ് മൂലമുണ്ടാകുന്ന ഒരു സാംക്രമികരോഗമാണ് അഞ്ചാംപനി. രോഗബാധിതരുടെ ചുമയിലൂടെയും തുമ്മലിലൂടെയും വായുവിലൂടെ ഒരാളിൽ നിന്ന് മറ്റൊരാളിലേക്ക് എളുപ്പത്തിൽ പകരുന്ന രോഗമാണിത്. വായയിലെയോ മൂക്കിലെയോ സ്രവങ്ങളുമായോ നേരിട്ടുള്ള സമ്പർക്കത്തിലൂടെയും ഇത് പകരാം. രോഗിയുമായുള്ള സമ്പർക്കത്തിന് ശേഷം ഏഴ് മുതൽ 21 ദിവസങ്ങൾക്കുള്ളിൽ ലക്ഷണങ്ങൾ ആരംഭിക്കും. കടുത്ത പനി, ചുമ, മൂക്കൊലിപ്പ്, കണ്ണുകൾക്ക് ചുവന്ന നിറം, തലയിലും കഴുത്തിലും സാധാരണയായി ആരംഭിക്കുന്ന ചുവന്ന ചുണങ്ങു എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ.

2024 ഒക്ടോബറിൽ ആദ്യമായി രോഗബാധ കണ്ടെത്തിയത് മുതൽ സെപ്റ്റംബർ 16 വരെ, പ്രവിശ്യയിൽ ആകെ 2,375 അഞ്ചാംപനി കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. നിലവിൽ സ്ഥിതി മെച്ചപ്പെട്ടിട്ടുണ്ടെങ്കിലും, സെപ്റ്റംബർ 18 ന് വോണിൽ പ്രഖ്യാപിച്ച പുതിയ അഞ്ചാംപനി രോഗബാധ ഉൾപ്പെടെ പുതിയ കേസുകൾ വർധിക്കുകയാണ്. അഞ്ചാംപനി വാക്സിൻ രോഗം തടയാൻ ഫലപ്രദവും സുരക്ഷിതവുമാണ്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!