ഡാലസ് : യുഎസിൽ വീണ്ടും വെടിവെപ്പ്. ഡാലസിലെ യുഎസ് ഇമിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്‌സ്‌മെൻ്റ് കേന്ദ്രത്തിലാണ് വെടിവെപ്പുണ്ടായത്. ബുധനാഴ്ച രാവിലെ 6:40-ഓടെയാണ് സംഭവം. വെടിവെപ്പിൽ രണ്ടു പേർക്ക് ഗുരുതരമായി പരുക്കേറ്റതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. അതേസമയം ആക്രമിയെ അടുത്തുള്ള കെട്ടിടത്തിന്‍റെ മേൽക്കൂരയിൽ മരിച്ചനിലയിൽ കണ്ടെത്തിയതായി ഐസിഇ ആക്ടിങ് ഡയറക്ടർ ടോഡ് ലിയോൺസ് അറിയിച്ചു.

ഐസിഇ കെട്ടിടത്തിന് നേരെ അടുത്തുള്ള കെട്ടിടത്തിൽ നിന്നാണ് ആക്രമി വെടിയുതിർത്തതെന്ന് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയതായി ഡാലസ് പൊലീസ് വക്താവ് ജോനഥൻ ഇ. മാനർ റിപ്പോർട്ട് ചെയ്തു. വെടിവെപ്പിൽ പരുക്കേറ്റ രണ്ടു പേരെ പാർക്ക്‌ലാൻഡ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എന്നാൽ, അവരുടെ നിലവിലെ അവസ്ഥയെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.
