ഓട്ടവ : അലർജി സാധ്യതയെ തുടർന്ന് ഒൻ്റാരിയോയിൽ വിറ്റഴിച്ച ബെറെറ്റ ബ്രാൻഡ് ചിക്കൻ പോട്ട് പൈ തിരിച്ചു വിളിച്ചതായി കനേഡിയൻ ഫുഡ് ഇൻസ്പെക്ഷൻ ഏജൻസി അറിയിച്ചു. ലേബലിൽ രേഖപ്പെടുത്താത്ത, മുട്ട അടങ്ങിയതായി കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. ഉപഭോക്തൃ പരാതിയെ തുടർന്നാണ് ഈ ഉൽപ്പന്നം തിരിച്ചുവിളിക്കാൻ തുടങ്ങിയതെന്നും ഏജൻസി റിപ്പോർട്ട് ചെയ്തു. ചിക്കൻ പോട്ട് പൈ കഴിച്ചതുമായി ബന്ധപ്പെട്ട് ഒരാൾക്ക് അലർജി ഉണ്ടായതായി പരാതി ലഭിച്ചിട്ടുണ്ടെന്നും ഭക്ഷ്യവകുപ്പ് പറയുന്നു.

ഗുരുതരമോ ജീവന് ഭീഷണിയോ ആകുന്ന ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകുന്നതിനാൽ അലർജിയോ സെൻസിറ്റീവോ ഉള്ള ആളുകൾ ഈ ഉൽപ്പന്നങ്ങൾ കഴിക്കരുതെന്ന് CFIA മുന്നറിയിപ്പ് നൽകി. ഉൽപ്പന്നങ്ങൾ ഉപയോഗിക്കുകയോ വിൽക്കുകയോ വിതരണം ചെയ്യുകയോ ചെയ്യരുതെന്നും ഏജൻസി നിർദ്ദേശിച്ചു. തിരിച്ചുവിളിച്ച ചിക്കൻ പോട്ട് പൈ ഉപേക്ഷിക്കുകയോ അവ വാങ്ങിയ സ്റ്റോറിൽ തിരികെ നൽകുകയോ വേണം.
