ന്യൂയോർക്ക് : യുഎസ് സിനിമാ നിർമ്മാണം നിലംപൊത്തുകയാണെന്ന് ആരോപിച്ച് വിദേശ നിർമ്മിത സിനിമകൾക്ക് 100% തീരുവ ചുമത്തുമെന്ന് യുഎസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ചു. “ഒരു കുഞ്ഞിൽ നിന്ന് മിഠായി മോഷ്ടിക്കുന്നതുപോലെ, മറ്റ് രാജ്യങ്ങൾ അമേരിക്കയിൽ നിന്ന് സിനിമാ നിർമ്മാണ ബിസിനസ്സ് മോഷ്ടിച്ചു,” തീരുവ പ്രഖ്യാപിച്ച് അദ്ദേഹം ട്രൂത്ത് സോഷ്യൽ പ്ലാറ്റ്‌ഫോമിൽ എഴുതി. എന്നാൽ, താരിഫ് എങ്ങനെ നടപ്പാക്കുമെന്നോ ഏതൊക്കെ രാജ്യങ്ങൾക്ക് ബാധകമാകുമെന്നോ അതോ എല്ലാ ഇറക്കുമതികൾക്കും ബാധകമാകുമോ വ്യക്തമല്ല.

അതേസമയം സിനിമ താരിഫ് രാജ്യാന്തര ബോക്സ് ഓഫീസ് വരുമാനത്തെയും അതിർത്തി കടന്നുള്ള സഹ-നിർമ്മാണങ്ങളെയും വളരെയധികം ആശ്രയിക്കുന്ന സ്റ്റുഡിയോകളെ സാരമായി ബാധിക്കുമെന്ന് പ്രതീക്ഷിക്കുന്നു. കൂടാതെ ആധുനിക സിനിമകൾ പലപ്പോഴും നിർമ്മാണം, ധനസഹായം, പോസ്റ്റ്-പ്രൊഡക്ഷൻ, വിഷ്വൽ ഇഫക്റ്റുകൾ എന്നിവ ഒന്നിലധികം രാജ്യങ്ങളിലായി വ്യാപിച്ചിരിക്കുന്നതിനാൽ, സിനിമാ താരിഫ് ആരെയോക്കെ ബാധിക്കുമെന്നും വ്യക്തമല്ല.