എഡ്മിന്‍റൻ : പ്രവിശ്യാ വ്യാപക സമരത്തിന് അധ്യാപകർ ഒരുങ്ങുമ്പോൾ, ചെറിയ കുട്ടികളുള്ള കുടുംബങ്ങളെ സഹായിക്കാൻ പാരൻ്റ് സപ്പോർട്ട് പേയ്‌മെൻ്റ് പ്രോഗ്രാം പ്രഖ്യാപിച്ച് ആൽബർട്ട സർക്കാർ. പദ്ധതി പ്രകാരം 12 വയസ്സിന് താഴെയുള്ള, അധ്യാപക സമരം ബാധിക്കുന്നതുമായ കുട്ടികളുടെ മാതാപിതാക്കൾക്കും രക്ഷിതാക്കൾക്കും പ്രതിദിനം 30 ഡോളർ നൽകും, ധനമന്ത്രി നേറ്റ് ഹോണർ അറിയിച്ചു. ധനസഹായത്തിനൊപ്പം അധ്യാപക സമരവേളയിൽ കുട്ടികളുടെ പഠനത്തെ സഹായിക്കുന്നതിനായി മാതാപിതാക്കൾക്ക് വിവിധ വിഷയങ്ങളിൽ ഗൈഡ് നൽകുമെന്ന് വിദ്യാഭ്യാസ മന്ത്രി ഡെമെട്രിയോസ് നിക്കോളൈഡ്‌സും പ്രഖ്യാപിച്ചു. പ്രവിശ്യാ സർക്കാർ മുന്നോട്ടുവെച്ച ഏറ്റവും പുതിയ കരാർ ഓഫർ ആൽബർട്ട ടീച്ചേഴ്‌സ് അസോസിയേഷൻ (എടിഎ) അംഗങ്ങളായ അധ്യാപകർ നിരസിച്ചു. ഇതോടെ ഒക്ടോബർ 6 മുതൽ അധ്യാപകർ പണിമുടക്കുമെന്ന് യൂണിയൻ അറിയിച്ചു.
സമരം കാരണം വിദ്യാർത്ഥികൾ വീട്ടിലിരിക്കുമ്പോൾ ചൈൽഡ് കെയർ, ഭക്ഷണം തുടങ്ങിയ അധിക ചെലവുകൾ നികത്താൻ സഹായിക്കുന്നതിനാണ് പദ്ധതി രൂപകൽപ്പന ചെയ്തിരിക്കുന്നതെന്ന് ധനമന്ത്രി വ്യക്തമാക്കി. ഒക്ടോബർ 6 മുതൽ പദ്ധതി പ്രാബല്യത്തിൽ വരും. ആ തീയതി മുതൽ സമരം മൂലം ക്ലാസുകൾ നഷ്ടപ്പെട്ട കുടുംബങ്ങൾക്ക് നഷ്ടപരിഹാരം ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കും. തുടർന്ന് ഒക്ടോബർ 31 മുതൽ ഇ-ട്രാൻസ്ഫർ വഴി പ്രതിമാസം പേയ്‌മെൻ്റുകൾ നൽകും. അതേസമയം പേയ്‌മെൻ്റുകൾ ലഭിക്കുന്നതിന് മാതാപിതാക്കൾ ഓൺലൈനായി അക്കൗണ്ട് ആരംഭിക്കണം. ഇതിനായുള്ള രജിസ്ട്രേഷനും പരിശോധനയും account.alberta.ca എന്ന വിലാസത്തിൽ ഓൺലൈനായി പൂർത്തിയാക്കാം.