വൻകൂവർ : സർക്കാരുമായുള്ള കരാർ ചർച്ച പരാജയപ്പെട്ട സാഹചര്യത്തിൽ പണിമുടക്ക് കൂടുതൽ ശക്തമാക്കുമെന്ന് പ്രഖ്യാപിച്ച് ബ്രിട്ടിഷ് കൊളംബിയയിലെ 34,000 പൊതുമേഖലാ ജീവനക്കാരെ പ്രതിനിധീകരിക്കുന്ന യൂണിയൻ. റാലി അടക്കമുള്ള പരിപാടികൾ ആസൂത്രണം ചെയ്തിട്ടുണ്ടെന്ന് ബിസി ജനറൽ എംപ്ലോയീസ് യൂണിയൻ പ്രസ്താവനയിൽ അറിയിച്ചു. ഇന്ന് വൻകൂവറിൽ നടക്കുന്ന റാലിയിൽ മറ്റ് യൂണിയനുകളിലെ അംഗങ്ങൾ അടക്കം പങ്കെടുക്കുമെന്ന് യൂണിയൻ പ്രസിഡൻ്റ് പോൾ ഫിഞ്ച് പറഞ്ഞു. വൻകൂവർ ആർട്ട് ഗാലറിയിൽ നിന്ന് ആരംഭിച്ച് കൺവെൻഷൻ സെന്‍ററിന് സമീപം അവസാനിക്കുന്ന മാർച്ചിലും റാലിയിലും പണിമുടക്കുന്ന ആയിരക്കണക്കിന് തൊഴിലാളികൾ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു.

മുൻകാല ഓഫറുകളിൽ നിന്ന് വേതനം വർധിപ്പിച്ചിട്ടില്ലെന്നും തിങ്കളാഴ്ച സർക്കാരുമായുള്ള ചർച്ച പരാജയപ്പെട്ട സാഹചര്യത്തിൽ പോൾ ഫിഞ്ച് അറിയിച്ചു. രണ്ട് വർഷത്തിനുള്ളിൽ മൊത്തം 8.25% വേതന വർധനയാണ് തങ്ങൾ ആവശ്യപ്പെട്ടത്. എന്നാൽ, രണ്ട് വർഷത്തെ കരാറിന്‍റെ ഓരോ വർഷവും നാല് ശതമാനം വേതന വർധന മാത്രമാണ് സർക്കാരിന്‍റെ ഓഫറിൽ ഉൾപ്പെടുത്തിയിരിക്കുന്നത്, പോൾ ഫിഞ്ച് പറയുന്നു. അതേസമയം കരാർ ചർച്ച എപ്പോൾ പുനഃരാരംഭിക്കുമെന്ന് സൂചനയൊന്നുമില്ല.