ടൊറൻ്റോ : ഓക്ക്‌വില്ലിൽ ഇന്ത്യൻ സിനിമ പ്രദർശിപ്പിച്ച തീയേറ്ററിനു നേരെ വീണ്ടും ആക്രമണം. കഴിഞ്ഞയാഴ്ച തീയിട്ടു നശിപ്പിക്കാൻ ശ്രമിച്ച ഓക്ക്‌വില്ലിലെ Film.ca Cinemas-സിനു നേരെ വെടിവെപ്പുണ്ടായി. വ്യാഴാഴ്ച പുലർച്ചെ 1:50 ഓടെയാണ് വെടിവെപ്പ് നടന്നത്. കറുത്ത മുഖംമൂടി ധരിച്ച ഒരാൾ തീയേറ്ററിന്‍റെ പ്രവേശന കവാടത്തിൽ എത്തി നിരവധി തവണ വെടിയുതിർത്തതായി ഹാൽട്ടൺ പൊലീസ് അറിയിച്ചു. സംഭവസമയത്ത് പ്രതി കറുത്ത നിറമുള്ള, കട്ടിയുള്ള വസ്ത്രങ്ങളും കറുത്ത മുഖംമൂടിയും ധരിച്ചിരുന്നു. അതേസമയം സെപ്റ്റംബർ 25-നാണ് തീയേറ്ററിന് തീയിട്ടത്. കറുത്ത വസ്ത്രം ധരിച്ച് സർജിക്കൽ മാസ്കുകൾ ധരിച്ച രണ്ടു പ്രതികൾ സിനിമയുടെ പ്രവേശന കവാടത്തിൽ പെട്രോൾ ഒഴിച്ച് കത്തിക്കുകയായിരുന്നു. തീ പെട്ടെന്ന് തന്നെ പടർന്ന് പ്രവേശന കവാടത്തിലെ മുൻവാതിൽ മുഴുവൻ കത്തിനശിച്ചു. തെലുങ്ക് ചിത്രം They Call Him OGയുടെ പ്രദർശനമാണ് സംഭവങ്ങൾക്ക് പിന്നിലെന്ന് സംശയിക്കുന്നതായി Film.ca സിഇഒ ജെഫ് നോൾ പറഞ്ഞിരുന്നു. രണ്ട് സംഭവങ്ങളും രാത്രി സമയങ്ങളിലാണ് നടന്നത്, ആർക്കും പരുക്കേറ്റിട്ടില്ല.

വെടിവെപ്പ് റിപ്പോർട്ട് ചെയ്തതിന് തൊട്ടുപിന്നാലെ, ദക്ഷിണേഷ്യൻ സിനിമകളുടെ പ്രദർശനമാണ് ഈ സംഭവങ്ങൾക്ക് കാരണമെന്ന് സംശയിക്കുന്നതായി Film.ca Cinemas മാനേജ്‌മെൻ്റ് പറഞ്ഞു. വരാനിരിക്കുന്ന രണ്ട് സിനിമകളുടെ പ്രദർശനം റദ്ദാക്കുമെന്നും ഭാവിയിൽ ദക്ഷിണേഷ്യൻ സിനിമകൾ പ്രദർശിപ്പിക്കില്ലെന്നും മാനേജ്‌മെൻ്റ് പ്രഖ്യാപിച്ചു. സിനിമ കാണാൻ എത്തുന്നവരുടെയും തീയറ്റർ ജീവനക്കാരുടെയും സുരക്ഷ കണക്കിലെടുത്ത് കാന്താര: എ ലെജൻഡ് ചാപ്റ്റർ 1, ദെ കോൾ ഹിം ഒജി, കൂടാതെ വരാനിരിക്കുന്ന എല്ലാ ദക്ഷിണേഷ്യൻ സിനിമകളും പ്രദർശിപ്പിക്കില്ലെന്ന് സിഇഒ ജെഫ് നോൾ അറിയിച്ചു.