ടൊറൻ്റോ : തെക്കൻ ഒൻ്റാരിയോയിലുടനീളം നടന്ന ആഡംബര വാഹനമോഷണക്കേസിൽ മൂന്നു പേരെ അറസ്റ്റ് ചെയ്തതായി ഹാമിൽട്ടൺ പൊലീസ് അറിയിച്ചു. ഓഗസ്റ്റിൽ പ്രൊജക്റ്റ് ഫ്ലിൻ്റ്സ്റ്റോൺ എന്ന പേരിൽ ആരംഭിച്ച അന്വേഷണത്തിൽ ഹാമിൽട്ടൺ സ്വദേശികളായ 18 വയസ്സുള്ള ഖാലിദ് ഖാൻ, 17 വയസ്സുള്ള യുവാവ്, 22 വയസ്സുള്ള മറ്റൊരു യുവാവ് എന്നിവരാണ് അറസ്റ്റിലായത്. പ്രതികൾക്കെതിരെ വാഹനമോഷണം അടക്കമുള്ള കുറ്റങ്ങൾ ചുമത്തി.

ഹാമിൽട്ടണിലും പരിസര പ്രദേശങ്ങളിലുമുള്ള ആഡംബര വാഹനങ്ങൾ, പ്രധാനമായും ലെക്സസ് മോഡലുകൾ എന്നിവയെയാണ് ഈ സംഘം പ്രത്യേകമായി ലക്ഷ്യമിട്ടതെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നു. അന്വേഷണത്തിന്‍റെ ഭാഗമായി ബുധനാഴ്ച, ഹാമിൽട്ടണിലെ ഒരു വീട്ടിലും മറ്റൊരു അപ്പാർട്ട്മെൻ്റ് കെട്ടിടത്തിലും റെയ്ഡ് നടത്തി. തുടർന്ന് വാഹന സുരക്ഷാ സംവിധാനങ്ങളെ മറികടക്കാൻ രൂപകൽപ്പന ചെയ്ത “അത്യാധുനിക ഇലക്ട്രോണിക് ഉപകരണങ്ങൾ” ഉൾപ്പെടെയുള്ള മോഷണങ്ങളുമായി ബന്ധപ്പെട്ട തെളിവുകൾ കണ്ടെത്തി. പ്രതികൾ ഹാമിൽട്ടണിലും സെൻ്റ് തോമസിൽ നിന്നുമായി ഒമ്പത് വാഹനങ്ങൾ മോഷ്ടിച്ചതായി പൊലീസ് പറയുന്നു. എന്നാൽ, പ്രതികളെ അറസ്റ്റ് ചെയ്‌തെങ്കിലും മോഷ്ടിച്ച വാഹനങ്ങളൊന്നും കണ്ടെത്താനായില്ല. ഈ കേസുമായി ബന്ധപ്പെട്ട് എന്തെങ്കിലും വിവരം ലഭിക്കുന്നവർ അന്വേഷണ ഉദ്യോഗസ്ഥരുമായി ബന്ധപ്പെടണമെന്ന് ഹാമിൽട്ടൺ പൊലീസ് അഭ്യർത്ഥിച്ചു.