വൻകൂവർ : കാനഡയിലെ പിടികിട്ടാപ്പുള്ളികളെ കണ്ടെത്തുന്നതിനായുള്ള ദേശീയ സംരംഭമായ ബോളോ പ്രോഗ്രാം പട്ടികയിൽ മൺട്രിയോളിലെ ഗുണ്ടാ സംഘം സോൺ 43 ലെ അംഗമായ ബ്രയാൻ ഫ്യൂന്‍റസ് ഗ്രാമജോ ഒന്നാം സ്ഥാനത്ത്. ടൊറൻ്റോ പൊലീസ് തിരയുന്ന, ഒൻ്റാരിയോ, ബ്രിട്ടിഷ് കൊളംബിയ പ്രവിശ്യകളിൽ പടർന്നു കിടക്കുന്ന സോൺ 43 ലെ അംഗമായ ബ്രയാൻ ഫ്യൂന്‍റസ് ഗ്രാമജോ ജൂലൈയിൽ യോർക്ക്ഡെയ്‌ലിൽ നടന്ന കൊലപാതകത്തിലെ ഒന്നാം പ്രതിയാണ്. ടൊറൻ്റോ പൊലീസ് സർവീസ് ചീഫ് സൂപ്രണ്ട് ജോ മാത്യൂസ്, ബോളോ പ്രോഗ്രാം എക്സിക്യൂട്ടീവ് ഡയറക്ടർ മാക്സ് ലാംഗ്ലോയിസ്, രാജ്യത്തുടനീളമുള്ള മുതിർന്ന പൊലീസ് ഉദ്യോഗസ്ഥർ എന്നിവർ ചേർന്നാണ് പട്ടിക പുറത്തിറക്കിയത്.

അതേസമയം ടൊറൻ്റോ പൊലീസ് അന്വേഷിക്കുന്ന അഞ്ച് പ്രതികൾ ടോപ്പ് 25 മോസ്റ്റ് വാണ്ടഡ് പട്ടികയിൽ ഇടം നേടിയിട്ടുണ്ട്. തമാ മക്ലീൻ (കൊലപാതകം), ഡെല്ലാനോ റോബർട്ട്‌സൺ-ബെറി (കൊലപാതകം), അഡ്രിയാൻ വാക്കർ (കൊലപാതകം, കൊലപാതകശ്രമം), ക്രിസ്റ്റ്യൻ കുക്സം (കൊലപാതകം), കിയാഷ് പർഷാം (കൊലപാതകം) എന്നിവരാണ് ടോപ്പ് 25 മോസ്റ്റ് വാണ്ടഡ് പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ള ടൊറൻ്റോ പൊലീസ് അന്വേഷിക്കുന്ന അഞ്ച് പ്രതികൾ.

2018-ൽ ആരംഭിച്ച ബോളോ പ്രോഗ്രാം നിയമ നിർവ്വഹണ ഏജൻസികൾക്ക് സഹായകരമായിരുന്നു. ബോളോ പ്രോഗ്രാമിന്റെ പട്ടികകൾ സമീപ വർഷങ്ങളിൽ നിരവധി പ്രതികളുടെ അറസ്റ്റുകൾക്ക് കാരണമായിട്ടുണ്ട്. പ്രതികളെ പിടികൂടാൻ സഹായിക്കുന്ന വിവരങ്ങൾ നൽകുന്നവർക്ക് 50,000 ഡോളർ മുതൽ 250,000 ഡോളർ വരെ ഈ പ്രോഗ്രാം വാഗ്‌ദാനം ചെയ്യുന്നു.