ഓട്ടവ : സമരത്തിന്‍റെ ഗതിമാറ്റി പോസ്റ്റൽ ജീവനക്കാരുടെ യൂണിയൻ. ശനിയാഴ്ച രാവിലെ മുതൽ രാജ്യവ്യാപക പണിമുടക്കിൽ നിന്ന് റൊട്ടേഷൻ പണിമുടക്കിലേക്ക് മാറുമെന്ന് കാനഡ പോസ്റ്റൽ വർക്കേഴ്സ് യൂണിയൻ അറിയിച്ചു. ഇന്ന് പ്രാദേശിക സമയം രാവിലെ ആറുമണിക്ക് റൊട്ടേഷൻ പണിമുടക്ക് ആരംഭിക്കും. കാനഡ പോസ്റ്റിന്‍റെ ചുമതലയുള്ള ഫെഡറൽ മന്ത്രി ജോയൽ ലൈറ്റ്ബൗണ്ടുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് പ്രഖ്യാപനം.

ബുധനാഴ്ച വൈകുന്നേരം ജോയൽ ലൈറ്റ്ബൗണ്ടുമായി കൂടിക്കാഴ്ച നടത്തിയതായും, തപാൽ സർവീസ് പുനഃപരിശോധിക്കാനുള്ള ഉത്തരവിൽ അടുത്തിടെ പ്രഖ്യാപിച്ച മാറ്റങ്ങളെക്കുറിച്ച് ആശങ്ക പ്രകടിപ്പിച്ചതായും കനേഡിയൻ യൂണിയൻ ഓഫ് പോസ്റ്റൽ വർക്കേഴ്‌സ് (CUPW) ദേശീയ പ്രസിഡൻ്റ് ജാൻ സിംപ്‌സൺ പറഞ്ഞു. പുതിയ മാറ്റങ്ങൾ പിൻവലിക്കാൻ മന്ത്രിയോട് ആവശ്യപ്പെട്ടെങ്കിലും അവ നിലനിൽക്കുമെന്ന് അദ്ദേഹം പറഞ്ഞതായി ജാൻ സിംപ്‌സൺ പറയുന്നു.