കാൽഗറി: ശ്വാസകോശാർബുദ സാധ്യത പഠിക്കാൻ 10,000 നഖങ്ങൾ ആവശ്യമാണെന്ന് കാൽഗറി സർവകലാശാലയിലെ ശാസ്ത്രജ്ഞർ.റാഡോൺ വാതകവുമായുള്ള സമ്പർക്കവും ശ്വാസകോശാർബുദ സാധ്യതയും സംബന്ധിച്ച് പഠനം നടത്തുന്നതിനായി കാൽവിരലിലെ നഖങ്ങൾ (toenail clippings) തേടുകയാണെന്ന് സർവകലാശാലയിലെ ശാസ്ത്രജ്ഞർ അറിയിച്ചു.
കാൽവിരൽ നഖങ്ങളിലെ ചില റേഡിയോ ആക്ടീവ് ഐസോടോപ്പുകളുടെ അളവ് പരിശോധിക്കുന്നതിലൂടെ, ഒരു വ്യക്തിക്ക് റാഡോൺ വാതകവുമായി ദീർഘകാലാടിസ്ഥാനത്തിൽ എത്രത്തോളം സമ്പർക്കമുണ്ടായിയെന്ന് കണ്ടെത്താനാകുമെന്ന് അവർ പറയുന്നു. റാഡോൺ വാതകം നിറമോ മണമോ രുചിയോ ഇല്ലാത്തതും പ്രകൃതിയിൽ സ്വാഭാവികമായി കാണപ്പെടുന്നതാണ്. റാഡോൺ വാതകം പോലുള്ള റേഡിയോ ആക്ടീവ് വിഷവസ്തുക്കളുമായി നമുക്കുണ്ടായ ദീർഘകാല സമ്പർക്കത്തെക്കുറിച്ചുള്ള വിവരങ്ങൾ നമ്മുടെ കാൽവിരൽ നഖങ്ങളിൽ അടങ്ങിയിട്ടുണ്ട്. മുൻകാല സമ്പർക്കങ്ങളുടെ ഒരു ശേഖരം കൂടിയാണ് അവയെന്ന് പഠനത്തിന് നേതൃത്വം നൽകുന്ന ഗവേഷകനും യൂണിവേഴ്സിറ്റി പ്രൊഫസറുമായ ആരോൺ ഗൂദാർസി പറഞ്ഞു.

ശ്വാസകോശാർബുദ പരിശോധനയുടെ മാനദണ്ഡങ്ങൾ വികസിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള ഈ ദേശീയ പഠനത്തിനായി, കാനഡയിലുടനീളമുള്ള 10,000 ആളുകളെ റിക്രൂട്ട് ചെയ്യാനും, അവരുടെ വീടുകളിൽ റാഡോൺ അളവ് പരിശോധിക്കാനും, വിശകലനത്തിനായി കാൽവിരൽ നഖങ്ങൾ ശേഖരിച്ച് അയക്കാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായും ഗൂദാർസി പറഞ്ഞു.
വീടുകൾ പോലുള്ള അടച്ചിട്ട സ്ഥലങ്ങളിൽ റാഡോൺ ഉയർന്ന അളവിൽ അടിഞ്ഞുകൂടുകയും ശ്വാസകോശ അർബുദത്തിന് കാരണമാവുകയും ചെയ്യുമെന്ന് ഗൂദാർസി പറയുന്നു. പുകവലി കഴിഞ്ഞാൽ ശ്വാസകോശ അർബുദത്തിന്റെ രണ്ടാമത്തെ പ്രധാന കാരണം റാഡോൺ ആണെന്നും അദ്ദേഹം വ്യക്തമാക്കി.
