ഹാലിഫാക്സ് : മാസങ്ങൾ നീണ്ട ചർച്ചയ്ക്ക് ശേഷവും കരാറിലെത്താൻ കഴിയാത്ത സാഹചര്യത്തിൽ ഡൽഹൗസി സർവകലാശാലയിലെ പാർട്ട് ടൈം അധ്യാപകർ ഇന്ന് മുതൽ പണിമുടക്ക് ആരംഭിക്കും. ഓഗസ്റ്റിൽ നടന്ന വോട്ടെടുപ്പിൽ പണിമുടക്കിന് അനുകൂലമായി അധ്യാപകർ വോട്ട് ചെയ്തിരുന്നതായി കനേഡിയൻ യൂണിയൻ ഓഫ് പബ്ലിക് എംപ്ലോയീസ് (CUPE) ലോക്കൽ 3912 പറയുന്നു. 2024 ഓഗസ്റ്റ് മുതൽ CUPE അംഗങ്ങൾ കരാർ ഇല്ലാതെയാണ് ജോലി ചെയ്യുന്നത്. വേതന വർധന, തൊഴിൽ സുരക്ഷ, ആരോഗ്യ ആനുകൂല്യങ്ങൾ തുടങ്ങിയ ആവശ്യങ്ങളാണ് സർവകലാശാലയിലെ പാർട്ട് ടൈം ഫാക്കൽറ്റിയും ടീച്ചിങ് അസിസ്റ്റൻ്റുമാരും ഉന്നയിക്കുന്നത്.

അതേസമയം പണിമുടക്ക് ആരംഭിച്ചാൽ CUPE അംഗങ്ങൾ നേരിട്ട് പഠിപ്പിക്കുന്ന കോഴ്സുകൾ മാത്രമേ താൽക്കാലികമായി നിർത്തിവയ്ക്കൂ എന്ന് ഡൽഹൗസി സർവകലാശാല പറയുന്നു. മിക്ക ക്ലാസുകളും തടസ്സമില്ലാതെ തുടരും. ഈ വർഷം ഡൽഹൗസി സർവകലാശാലയെ ബാധിക്കുന്ന രണ്ടാമത്തെ പണിമുടക്കാണിത്. ഓഗസ്റ്റിൽ, ഡൽഹൗസി ഫാക്കൽറ്റി അസോസിയേഷനും (ഡിഎഫ്എ) സർവകലാശാലയും തമ്മിലുള്ള ചർച്ച രാജയപ്പെട്ടതിനെത്തുടർന്ന് ഏകദേശം 1,000 ലൈബ്രേറിയൻമാർ, പ്രൊഫസർമാർ, മറ്റ് അധ്യാപക ജീവനക്കാർ എന്നിവർ പണിമുടക്കിയിരുന്നു. സെപ്റ്റംബർ മധ്യത്തിൽ ഡിഎഫ്എ ഒരു പുതിയ കരാറിൽ ഒപ്പുവച്ചതോടെ ആ സമരം അവസാനിച്ചു.
