കാലിഫോർണിയ : അമേരിക്കൻ ചെസ്സ് ഗ്രാൻഡ് മാസ്റ്റർ ഡാനിയേൽ നരോഡിറ്റ്സ്കി അന്തരിച്ചു. 29 വയസ്സായിരുന്നു. നരോഡിറ്റ്സ്കി മുഖ്യ പരിശീലകനായി സേവനമനുഷ്ഠിച്ച നോർത്ത് കാരൊലൈനയിലെ ഷാർലറ്റിലുള്ള ചെസ്സ് അക്കാദമിയായ ഷാർലറ്റ് ചെസ് സെന്‍റർ തിങ്കളാഴ്ച സോഷ്യൽ മീഡിയയിൽ നടത്തിയ പ്രസ്താവനയിൽ അദ്ദേഹത്തിന്‍റെ മരണം സ്ഥിരീകരിച്ചു. എന്നാൽ, മരണകാരണമോ മറ്റു വിവരങ്ങളോ വ്യക്തമാക്കിയിട്ടില്ല.

1995 നവംബർ 9 ന് കാലിഫോർണിയയിലെ സാൻ മാറ്റിയോയിലാണ് ഡാനിയൽ നരോഡിറ്റ്‌സ്‌കി ജനിച്ചത്. അദ്ദേഹത്തിന്റെ മാതാപിതാക്കൾ മുൻ സോവിയറ്റ് യൂണിയനിൽ നിന്നുള്ള ജൂത കുടിയേറ്റക്കാരായിരുന്നു. പിതാവ് വ്‌ളാഡിമിർ യുക്രെയ്‌നിൽ നിന്ന് കുടിയേറി. അമ്മ ലെന അസർബൈജാൻ പൗരയായിരുന്നു. ആറാം വയസ്സിൽ പിതാവിൽ നിന്നാണ് നരോഡിറ്റ്സ്കി ചെസ്സിന്‍റെ ബാലപാഠങ്ങൾ പഠിച്ചത്. 2007 നവംബറിൽ, നരോഡിറ്റ്സ്കി ലോക യൂത്ത് ചെസ് ചാമ്പ്യൻഷിപ്പ് അണ്ടർ-12 വിഭാഗത്തിൽ കിരീടം ചൂടി. 2013-ൽ നരോഡിറ്റ്സ്കിക്ക് ഔദ്യോഗികമായി ഗ്രാൻഡ്മാസ്റ്റർ പദവി ലഭിച്ചു. 2010-ൽ മാസ്റ്ററിംഗ് പൊസിഷണൽ ചെസ്സും 2012-ൽ മാസ്റ്ററിങ് കോംപ്ലക്സ് എൻഡ്ഗെയിംസും എന്ന പുസ്തകങ്ങൾ നരോഡിറ്റ്സ്കി പ്രസിദ്ധീകരിച്ചു.
