ഓട്ടവ : പോസ്റ്റൽ ജീവനക്കാരുടെ പണിമുടക്കിനും കടുത്ത സാമ്പത്തിക പ്രതിസന്ധിക്കുമിടയിൽ ജീവനക്കാരെ പിരിച്ചുവിട്ട് കാനഡ പോസ്റ്റ്. ക്രൗൺ കോർപ്പറേഷന്‍റെ പുനർനിർമ്മാണ പദ്ധതിയുടെ ഭാഗമായി ഡസൻ കണക്കിന് മാനേജർമാരെ ഒഴിവാക്കിയതായി കാനഡ പോസ്റ്റ് പ്രസിഡന്റും സിഇഒയുമായ ഡഗ് എറ്റിംഗർ സ്ഥിരീകരിച്ചു. എന്നാൽ എത്ര ജീവനക്കാരെ പിരിച്ചുവിട്ടുവെന്ന് അദ്ദേഹം വ്യക്തമാക്കിയിട്ടില്ല.

കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ക്രൗൺ കോർപ്പറേഷനെ രക്ഷപ്പെടുത്തുന്നതിനായി കഴിഞ്ഞ മാസം അവസാനം, ഫെഡറൽ ട്രാൻസ്ഫോർമേഷൻ മന്ത്രി ജോയൽ ലൈറ്റ്ബൗണ്ട് ഡെലിവറി മാനദണ്ഡങ്ങളിൽ മാറ്റം വരുത്തുക, ചില പോസ്റ്റ് ഓഫീസുകൾ അടച്ചുപൂട്ടുക, ഗ്രാമീണ പോസ്റ്റ് ഓഫീസുകളിലെ മൊറട്ടോറിയം പിൻവലിക്കൽ തുടങ്ങിയ മാറ്റങ്ങൾ പ്രഖ്യാപിച്ചിരുന്നു. കൂടാതെ കാനഡ പോസ്റ്റിനോട് മാനേജ്‌മെൻ്റ്, ഓവർഹെഡ് ചെലവുകൾ കുറഞ്ഞത് 15 ശതമാനം കുറയ്ക്കാൻ സർക്കാർ ആവശ്യപ്പെട്ടു. 2018 മുതൽ, കാനഡ പോസ്റ്റിന്റെ നഷ്ടം 500 കോടി ഡോളറിലധികമാണ്. 2025-ൽ 150 കോടി ഡോളർ കൂടി നഷ്ടം വരുമെന്ന് പ്രതീക്ഷിക്കുന്നു.
