ഓട്ടവ : കുതിച്ചുയരുന്ന ജീവിതച്ചെലവ് കാരണം രാജ്യത്തുടനീളം പട്ടിണി സാധാരണ സംഭവമായി മാറിക്കൊണ്ടിരിക്കുകയാണെന്ന് ഫുഡ് ബാങ്ക്സ് കാനഡയുടെ 2025-ലെ ‘ഹംഗർ കൗണ്ട്’ റിപ്പോർട്ട്. വീട്, ഭക്ഷണം, മറ്റ് അവശ്യവസ്തുക്കൾ എന്നിവയുടെ വില വർധിച്ചതോടെ രാജ്യത്തുടനീളമുള്ള ഫുഡ് ബാങ്കുകളെ ആശ്രയിക്കുന്നവരുടെ എണ്ണത്തിൽ റെക്കോർഡ് വർധന രേഖപ്പെടുത്തിയതായി റിപ്പോർട്ടിൽ പറയുന്നു. 2019 ശേഷം ഫുഡ് ബാങ്കുകൾ സന്ദർശിക്കുന്നവരുടെ എണ്ണം ഇരട്ടിയിലധികമായി ഉയർന്നു. 2025 മാർച്ചിൽ മാത്രം ഇരുപത്തിരണ്ട് ലക്ഷത്തിലധിവും പേരാണ് ഭക്ഷണത്തിനായി ഫുഡ് ബാങ്കുകളെ ആശ്രയിച്ചത്.

ജീവിതച്ചെലവുകളുടെ വെല്ലുവിളി നേരിടാനാകാതെ പലരും ഗ്രോസറി സ്റ്റോറുകളിൽ പോകാതെ ഫുഡ് ബാങ്കുകളെ തേടിയെത്തുന്നു. ജോലി ചെയ്യുന്ന അതേസമയം ഫുഡ് ബാങ്കുകളെ ആശ്രയിക്കുന്നവരുടെ എണ്ണവും വർധിച്ചു വരികയാണ്. ദേശീയതലത്തിൽ ഫുഡ് ബാങ്കുകൾ ഉപയോഗിക്കുന്നവരിൽ ഏകദേശം 19% പേർ ജോലി ചെയ്യുന്നവരാണെന്ന് ഫുഡ് ബാങ്ക്സ് കാനഡയുടെ റിപ്പോർട്ടിൽ പറയുന്നു. അതേസമയം പ്രതിമാസം ഫുഡ് ബാങ്കുകളിൽ എത്തുന്നവരിൽ മൂന്നിലൊന്ന് പേരും (33 ശതമാനം) കുട്ടികളാണ്.

കുറഞ്ഞ വേതനം, സ്ഥിരതയില്ലാത്ത ജോലി, സാമൂഹികാനുകൂല്യങ്ങൾ ലഭിക്കുന്നതിനുള്ള പരിമിതി തുടങ്ങി പല പ്രതിസന്ധികളാണ് ജനങ്ങൾക്ക് മുന്നിലെ വെല്ലുവിളിയെന്ന് ഫുഡ് ബാങ്ക്സ് കാനഡ സിഇഒ കിർസ്റ്റിൻ ബേർഡ്സ്ലി പറയുന്നു. നിലവിലെ ഈ ദയനീയ അവസ്ഥ പരിഹരിക്കാൻ ഫെഡറൽ സർക്കാർ ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
