ഖാർത്തൂം: സുഡാനിലെ റാപ്പിഡ് സപ്പോർട്ട് ഫോഴ്സിന്റെ (RSF) ബ്രിഗേഡിയർ ജനറൽ അൽ-ഫത്തേ അബ്ദുല്ല ഇദ്രിസിനെ അറസ്റ്റ് ചെയ്തു. ‘അബു ലുലു’ എന്ന പേരിലുമറിയപ്പെടുന്ന ഇയാളെ പടിഞ്ഞാറൻ സുഡാനിലെ എൽ ഫാഷിറിൽ രണ്ടായിരത്തിലധികം സാധാരണക്കാർക്കെതിരെ നടന്ന കൂട്ടക്കൊലകളുമായി ബന്ധപ്പെട്ടാണ് പിടികൂടിയത്. കൊലപാതകങ്ങളുടെ ക്രൂരമായ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതിന് പിന്നാലെയാണ് അറസ്റ്റ്.

നോർത്ത് ഡാർഫർ ജയിലിൽ അടച്ച അൽ-ഫത്തേ അബ്ദുല്ല ഇദ്രിസിൻ്റെ ദൃശ്യങ്ങൾ ആർഎസ്എഫ് പുറത്തിറക്കി. സാധാരണക്കാർക്കെതിരെ അതിക്രമം നടത്തിയവരെ കണ്ടെത്തി നിയമത്തിന് മുന്നിൽ കൊണ്ടുവരാനായി ലീഗൽ കമ്മിറ്റികൾ അന്വേഷണം ആരംഭിച്ചതായും RSF വ്യക്തമാക്കി. ലഭ്യമായ വീഡിയോ മെറ്റീരിയലുകളിൽ നിന്ന് അബു ലുലു ഉൾപ്പെടെ ആറ് വ്യത്യസ്ത ആർഎസ്‌എഫ് പോരാളികളെ തിരിച്ചറിഞ്ഞതായി എൻജിഒ സെന്റർ ഫോർ ഇൻഫർമേഷൻ റെസിലിയൻസ് പ്രഖ്യാപിച്ചു.
