ഹാലിഫാക്സ് : കുട്ടികളുടെ അശ്ലീല ചിത്രങ്ങൾ കൈവശം വയ്ക്കുന്നതിന് ഒരു വർഷം മാത്രം തടവ് ശിക്ഷ നൽകുന്നത് ഭരണഘടനാ വിരുദ്ധമാണെന്ന സുപ്രീം കോടതി വിധിയെ പിന്തുണയ്ക്കുന്നില്ലെന്ന് നോവസ്കോഷ സർക്കാർ. വിധി “അങ്ങേയറ്റം അസ്വസ്ഥത ഉളവാക്കുന്ന”താണെന്ന് പ്രവിശ്യാ അറ്റോർണി ജനറലും നീതിന്യായ മന്ത്രിയുമായ സ്കോട്ട് ആംസ്ട്രോങ് പ്രസ്താവനയിൽ പറഞ്ഞു. കുട്ടികളുടെ അശ്ലീല ചിത്രങ്ങൾ കൈവശം വെക്കുന്നത് നികൃഷ്ടമായ കുറ്റമാണെന്നും ഒരു വർഷത്തെ ശിക്ഷ പോലും തീരെ കുറവാണെന്നും മന്ത്രി അറിയിച്ചു.

ഫെഡറൽ നീതിന്യായ മന്ത്രി ഷോൺ ഫ്രേസറുമായി പ്രവിശ്യയുടെ ആശങ്കകൾ പങ്കുവെക്കുമെന്നും കുട്ടികളെയും യുവാക്കളെയും സംരക്ഷിക്കാൻ നടപടിയെടുക്കാൻ ഫെഡറൽ സർക്കാരിനോട് ആവശ്യപ്പെടുമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, വിധി പരിശോധിക്കുകയാണെന്നും, കുട്ടികളെ ദുരുപയോഗം ചെയ്യുന്നവർക്ക് ഏറ്റവും കടുത്ത ശിക്ഷ തന്നെ ലഭിക്കണമെന്നും ഷോൺ ഫ്രേസറിന്റെ
വക്താവ് പ്രസ്താവനയിൽ അറിയിച്ചു.
