വിനിപെഗ്: ചൈൽഡ് പോണോഗ്രഫി കേസിൽ നിർബന്ധിത ജയിൽ ശിക്ഷ ഒഴിവാക്കിയ കാനഡ സുപ്രീം കോടതിയുടെ വിധിക്കെതിരെ മാനിറ്റോബ പ്രീമിയർ വാബ് കിന്യൂ. പ്രതിപക്ഷ നേതാവ് പിയേർ പോളിയേവ്, ആൽബർട്ട പ്രീമിയർ ഡാനിയേൽ സ്മിത്ത്, ഒന്റാരിയോ പ്രീമിയർ ഡഗ് ഫോർഡ് എന്നിവരുൾപ്പെടെയുള്ളവരുടെ നിലപാടിന് കിന്യൂ പിന്തുണ പ്രഖ്യാപിച്ചു. വിധി സാധാരണക്കാർക്ക് മനസ്സിലാകുന്നതല്ലെന്ന് അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു.

മറ്റ് പ്രീമിയർമാർക്കൊപ്പം ഉറച്ചുനിൽക്കുന്നുവെന്നും, ഇത്തരം കുറ്റവാളികൾക്ക് ജയിൽ ശിക്ഷ നൽകുന്നതിനൊപ്പം സംരക്ഷിത കസ്റ്റഡി നിഷേധിക്കണമെന്നും കിന്യൂ ആവശ്യപ്പെട്ടു. ഭൂരിപക്ഷ വിധി പ്രകാരം ജഡ്ജിമാരുടെ വിവേചനാധികാരം ഇല്ലാതാക്കുമെന്നതിനാലാണ് ഭരണഘടനാ വിരുദ്ധമെന്ന് കോടതി വ്യക്തമാക്കിയത്. എന്നാൽ, ചൈൽഡ് പോണോഗ്രഫി ചിത്രങ്ങളും വീഡിയോകളും ആർക്കും ചെയ്യാൻ കഴിയുന്ന ഏറ്റവും മോശമായ കാര്യങ്ങളിൽ ഒന്നാണെന്നായിരുന്നു കിന്യൂവിന്റെ പ്രതികരണം.
