വാഷിങ്ടണ്‍: റിയര്‍വ്യൂ കാമറയിലെ തകരാറിനെ തുടര്‍ന്ന് അമേരിക്കയിലെ 10 ലക്ഷത്തിലേറെ വാഹനങ്ങള്‍ തിരിച്ചുവിളിച്ച് ജാപ്പനീസ് വാഹന നിര്‍മ്മാതാക്കളായ ടൊയോട്ട. 1,024,407 കാറുകളാണ് ഈ തിരിച്ചുവിളിക്കല്‍ പട്ടികയില്‍ ഉള്‍പ്പെട്ടിരിക്കുന്നത്. ലെക്സസ് ഉള്‍പ്പെടെ നൂറിലധികം മോഡല്‍ കാറുകള്‍ ഈ വിഭാഗത്തില്‍പ്പെടുന്നുണ്ട്. ഒക്ടോബര്‍ 30-നാണ് തിരിച്ചുവിളിക്കല്‍ സംബന്ധിച്ച നോട്ടീസ് ടൊയോട്ട ഔദ്യോഗികമായി പുറത്തിറക്കിയത്.
പനോരമിക് വ്യൂ മോണിറ്റര്‍ (Panoramic View Monitor) ഉള്ള കാറുകളിലാണ് പ്രധാനമായും തകരാര്‍ കണ്ടെത്തിയിരിക്കുന്നത്. വാഹനങ്ങള്‍ പിന്നോട്ട് എടുക്കുമ്പോള്‍ റിയര്‍വ്യൂ ദൃശ്യങ്ങള്‍ കാണാതിരിക്കുകയോ അല്ലെങ്കില്‍ ഡിസ്പ്ലേ ഫ്രീസ് ആവുകയോ ചെയ്യുന്നതാണ് പ്രശ്നം. ഈ സുരക്ഷാ പ്രശ്നം കാരണം നിരവധി വാഹനാപകടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ള സാഹചര്യത്തിലാണ് കമ്പനിയുടെ അടിയന്തര നടപടി.

ടൊയോട്ട കാമ്രി ഹൈബ്രിഡ്, ടൊയോട്ട ഹൈലാന്‍ഡര്‍, ടൊയോട്ട ആര്‍എവി 4 ഉള്‍പ്പടെയുള്ള അമേരിക്കന്‍ വിപണിയിലെ ജനപ്രിയ മോഡലുകളും തിരിച്ചുവിളിക്കുന്ന വാഹനങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുന്നു. വാഹനങ്ങള്‍ തിരിച്ചുവിളിക്കാനുള്ള ടൊയോട്ടയുടെ തീരുമാനം നാഷണല്‍ ഹൈവേ ട്രാഫിക് സേഫ്റ്റി അഡ്മിനിസ്ട്രേഷന് (NHTSA) സ്ഥിരീകരിച്ചിട്ടുണ്ട്.
ഈ തകരാറുള്ള വാഹനങ്ങള്‍ ഉപയോഗിക്കുന്ന ഉപഭോക്താക്കള്‍ അടുത്തുള്ള ടൊയോട്ടയുടെ അംഗീകൃത സര്‍വീസ് സെന്ററുകള്‍ സന്ദര്‍ശിക്കണം. പാര്‍ക്കിംഗ് അസിസ്റ്റ് സോഫ്റ്റ്വെയര് അപ്ഡേറ്റ് ചെയ്യുന്നതിലൂടെ ഈ പ്രശ്നം പരിഹരിക്കാന്‍ സാധിക്കും. ഉപഭോക്താക്കള്‍ക്ക് ഈ സോഫ്റ്റ്വെയര് അപ്ഡേറ്റ് സൗജന്യമായി ചെയ്തുനല്‍കുമെന്ന് കമ്പനി അറിയിച്ചു. ഇത് സംബന്ധിച്ച വിശദമായ അറിയിപ്പ് വാഹന ഉടമകള്‍ക്ക് ഡിസംബര്‍ 16-നകം ഇമെയില്‍ വഴി ലഭിക്കുമെന്നും ടൊയോട്ട വ്യക്തമാക്കി.
