ടൊറൻ്റോ : യുഎസ് താരിഫുകളുടെ പശ്ചാത്തലത്തിൽ ഒൻ്റാരിയോയുടെ സാമ്പത്തിക സ്ഥിതി വിലയിരുത്തുന്ന മിനി ബജറ്റ് നവംബർ 6-ന് നിയമസഭയിൽ അവതരിപ്പിക്കുമെന്ന് ധനമന്ത്രി പീറ്റർ ബെത്ലെൻഫാൽവി. ഈ വർഷം 1460 കോടി നഷ്ടം ഉണ്ടാകുമെന്ന് ആദ്യ പാദ റിപ്പോർട്ടിൽ സർക്കാർ വ്യക്തമാക്കിയിരുന്നു. പ്രതീക്ഷിക്കുന്ന വരുമാനത്തേക്കാൾ പ്രവിശ്യയുടെ ചെലവ് അധികമായിരിക്കുമെന്നതിനാൽ മൊത്തത്തിലുള്ള ധനകാര്യങ്ങളെയും ഭാവിയിലെ പൊതുചെലവുകളെയും എങ്ങനെ ബാധിക്കുമെന്ന ആശങ്കകൾക്കിടയിലാണ് ധനമന്ത്രി പുതിയ റിപ്പോർട്ട് അവതരിപ്പിച്ചത്.
കടത്തിന്റെ പലിശ ഇനത്തിലുള്ള കുറവ് കാരണം അടിസ്ഥാന സൗകര്യ വികസനം, നികുതിയിളവുകൾ, വൈദഗ്ധ്യമുള്ള തൊഴിലാളികളെ വാർത്തെടുക്കൽ തുടങ്ങിയ മേഖലകളിൽ കൂടുതൽ പണം ചെലവഴിക്കാൻ സർക്കാരിന് സാധിക്കുന്നുണ്ടെന്ന് അദ്ദേഹം പ്രസ്താവിച്ചു. താരിഫ് ഭീഷണികളെ നേരിടാനും സമ്പദ്വ്യവസ്ഥയെ ശക്തിപ്പെടുത്താനുമായി സ്വീകരിച്ച നടപടികളെക്കുറിച്ചുള്ള പുതിയ വിവരങ്ങൾ റിപ്പോർട്ടിൽ ഉൾപ്പെടുത്തും. ബിസിനസ്സുകൾക്ക് പിന്തുണ നൽകാനും നികുതി മാറ്റിവയ്ക്കാനും വേണ്ടി മൾട്ടി-ബില്യൺ ഡോളർ ഫണ്ടുകൾ ഇതിൽ പ്രധാനമാണ്.

സ്ഥിരമായ തിരഞ്ഞെടുപ്പ് തീയതികൾ ഒഴിവാക്കൽ, രാഷ്ട്രീയ സംഭാവനകളുടെ പരിധി ഏകദേശം നാല് ലക്ഷം ഡോളർ ആയി ഉയർത്തൽ തുടങ്ങിയ തിരഞ്ഞെടുപ്പ് നിയമങ്ങളിലെ മാറ്റങ്ങളും ഈ സാമ്പത്തിക പ്രസ്താവന ബില്ലിന്റെ ഭാഗമായി സഭയിലെത്തും. ഒന്റാരിയോയുടെ സാമ്പത്തിക ഭാവിക്കും ഭരണപരമായ കാര്യങ്ങൾക്കും ദിശാബോധം നൽകുന്ന ഒരു സുപ്രധാന റിപ്പോർട്ട് ആയിരിക്കും ഇത്.
