ടൊറന്റോ: കനേഡിയന്‍ പീമിയര്‍മാര്‍ ഭരണഘടനയിലെ ‘നോട്ട്വിത്ത്സ്റ്റാന്‍ഡിങ് ക്ലോസ്’ (Notwithstanding Clause) നിസ്സാര കാരണങ്ങള്‍ക്കായി ദുരുപയോഗം ചെയ്യുന്നുവെന്ന് മുന്‍ കനേഡിയന്‍ പ്രധാനമന്ത്രി ജീന്‍ ക്രെറ്റിയന്‍ വിമര്‍ശിച്ചു. എന്തിനും ഏതിനും ‘നോട്ട് വിത്ത് സ്റ്റാന്‍ഡിങ് ക്ലോസ്’ ഉപയോഗിക്കുന്നത് ആശങ്കപ്പെടുന്നുവെന്നും ജീന്‍ ക്രെറ്റിയന്‍ പറഞ്ഞു. ടൊറന്റോയില്‍ ജേണലിസ്റ്റ്‌സ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്‌സ് സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘കോടതികള്‍ അധികാരം അതിരു കടക്കുമ്പോള്‍ രാഷ്ട്രീയക്കാര്‍ക്ക് ഇടപെടാന്‍ വേണ്ടിയാണ് ഇത് രൂപകല്‍പ്പന ചെയ്തത്. എന്നാല്‍ 40 വര്‍ഷങ്ങള്‍ക്കിപ്പുറം പ്രവിശ്യകള്‍ ഇത് എന്തിനും ഏതിനും ഉപയോഗിക്കുന്നത് എന്നെ ആശങ്കപ്പെടുത്തുന്നു,’ ക്രെറ്റിയന്‍ പറഞ്ഞു. അഞ്ച് വര്‍ഷം വരെ ചാര്‍ട്ടറിലെ ചില ഭാഗങ്ങളെ മറികടക്കാന്‍ നിയമസഭകള്‍ക്ക് അധികാരം നല്‍കുന്നതാണ് ഈ വ്യവസ്ഥ. 1981-ല്‍ ചാര്‍ട്ടര്‍ ഓഫ് റൈറ്റ്‌സ് ആന്‍ഡ് ഫ്രീഡംസില്‍ ഈ വ്യവസ്ഥ ഉള്‍പ്പെടുത്തുന്നതിനുളള ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കിയത് അന്നത്തെ നീതിന്യായ മന്ത്രിയായിരുന്ന ക്രെറ്റിയന്‍ ആയിരുന്നു.
സമീപകാലത്ത് ആല്‍ബര്‍ട്ട, സമരത്തിലായിരുന്ന അദ്ധ്യാപകരെ ജോലിക്ക് തിരികെ പ്രവേശിപ്പിക്കാന്‍ ഈ ക്ലോസ് ഉപയോഗിച്ചത് ശ്രദ്ധേയമായിരുന്നു. കെബെക്ക്, ഒന്റാരിയോ, സസ്‌കച്‌വാന്‍ എന്നീ പ്രവിശ്യകളും അടുത്തിടെ ഇത് ഉപയോഗിച്ചിട്ടുണ്ട്. കനേഡിയന്‍ പ്രധാനമന്ത്രി മാര്‍ക്ക് കാര്‍ണിയുടെ സര്‍ക്കാരിനോട് തനിക്ക് തൃപ്തിയുണ്ടെന്ന് അദ്ദേഹം സൂചന നല്‍കി. ട്രംപ് ഭരണകൂടം ഏര്‍പ്പെടുത്തിയ താരിഫുകളോടും പിടിച്ചടക്കല്‍ ഭീഷണികളോടും കാനഡ ശക്തമായി പ്രതികരിക്കണം എന്നും അദ്ദേഹം ആവശ്യപ്പെട്ടു.

പ്രസംഗത്തിനിടെ ക്രെറ്റിയന്‍ തന്റെ വ്യക്തിപരമായ അനുഭവങ്ങളും പങ്കുവെച്ചു. ബുധനാഴ്ച രാവിലെ മുന്‍ യു.എസ്. പ്രസിഡന്റ് ബില്‍ ക്ലിന്റനുമായി പ്രഭാതഭക്ഷണം കഴിച്ചതായും, ന്യൂയോര്‍ക്ക് സിറ്റി മേയറായി സോഹ്റാന്‍ മംദാനിയെ തിരഞ്ഞെടുത്തത് ഉള്‍പ്പെടെയുള്ള ഡെമോക്രാറ്റുകളുടെ വിജയത്തില്‍ ക്ലിന്റണ്‍ സന്തോഷവാനായിരുന്നു എന്നും അദ്ദേഹം പറഞ്ഞു.
1995-ലെ കെബെക്ക് റഫറണ്ടത്തിന് ദിവസങ്ങള്‍ക്ക് ശേഷം, 1995 നവംബര്‍ 5-ന് തന്റെ ഔദ്യോഗിക വസതിയായ 24 സസെക്‌സ് ഡ്രൈവില്‍ നടന്ന വധശ്രമത്തെക്കുറിച്ചുള്ള ഓര്‍മ്മകളും അദ്ദേഹം പങ്കുവെച്ചു. ‘അര്‍ദ്ധരാത്രിയില്‍, വീട്ടില്‍ ഒരു അപരിചിതന്‍ ഉണ്ടെന്ന് ഭാര്യ അലൈന്‍ എന്നോട് പറഞ്ഞു,’ അവര്‍ വാതില്‍ പൂട്ടി ഒരു പ്രതിമയുമായി പോലീസ് എത്തുന്നത് വരെ ഒരുമിച്ച് നിന്നു. തന്റെ ജീവന്‍ രക്ഷിച്ചത് ഭാര്യയാണെന്നും ‘അവള്‍ തന്റെ ജീവിതത്തില്‍ വലിയ സ്വാധീനം ചെലുത്തിയ മികച്ച പങ്കാളി’ ആയിരുന്നു എന്നും ക്രെറ്റിയന്‍ പറഞ്ഞു.
കൂടാതെ, 2003-ല്‍ ഇറാഖ് യുദ്ധത്തില്‍ കാനഡ ചേരാതിരുന്നതിന്റെ ക്രെഡിറ്റ് അന്തരിച്ച ഭാര്യ അലൈന് നല്‍കുന്നതായും അദ്ദേഹം വെളിപ്പെടുത്തി. പ്രധാനമന്ത്രിയായി മൂന്നാം തവണയും മത്സരിക്കാന്‍ തന്നെ നിര്‍ബന്ധിച്ചത് അലൈന്‍ ആയിരുന്നുവെന്നും, മറ്റ് സ്ഥാനാര്‍ത്ഥികള്‍ യു.എസ്. സമ്മര്‍ദ്ദത്തിന് വഴങ്ങുമായിരുന്നു എന്നും ക്രെറ്റിയന്‍ കൂട്ടിച്ചേര്‍ത്തു.
അമേരിക്കന്‍ സാമ്രാജ്യത്തിന്റെ ‘ശോഷണത്തിന്റെ’ ഈ ഘട്ടത്തില്‍, ലോകമെമ്പാടുമുള്ള ബന്ധങ്ങള്‍ പുനഃസ്ഥാപിക്കേണ്ടത് കാനഡയ്ക്ക് പ്രധാനമാണ്, അല്ലാത്തപക്ഷം അന്താരാഷ്ട്ര തലത്തില്‍ കാനഡക്ക് സ്വാധീനം നഷ്ടപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.
