മനില : ഫിലിപ്പീൻസിൽ കൽമേഗി ചുഴലിക്കാറ്റിൽ വ്യാപക നാശനഷ്ടം ഉണ്ടായതായി റിപ്പോർട്ട്. 114 പേരുടെ മരണം റിപ്പോർട്ട് ചെയ്തതോടെ ഫിലിപ്പീൻസ് പ്രസിഡന്റ് ഫെർഡിനാൻഡ് മാർക്കോസ് ജൂനിയർ പ്രദേശത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ഈ വർഷം ഫിലിപ്പീൻസിൽ ഉണ്ടായതിൽ വച്ച് ഏറ്റവും വലിയ കൊടുങ്കാറ്റാണിത്. പ്രാദേശിക റിപ്പോർട്ടുകൾ പ്രകാരം നൂറ്റിമുപ്പതോളം പേരെ ഇപ്പോഴും കാണാതായിട്ടുണ്ട്. ഏറ്റവും കൂടുതൽ നാശനഷ്ടങ്ങൾ ഉണ്ടായത് സെബു പ്രവിശ്യയിലാണ്. അവിടെ നദികളിലും ജലപാതകളിലും വെള്ളം കയറിയതാണ് വെള്ളപ്പൊക്കത്തിലേക്ക് നയിച്ചത്. സെബുവിൽ മാത്രം 71 പേർ മരിച്ചതായി അധികൃതർ അറിയിച്ചു.

72 പേർ മരണപ്പെടുകയും നൂറ്റിനാൽപതിലധികം പേർക്ക് പരുക്കേൽക്കുകയും ചെയ്ത ശക്തമായ ഭൂകമ്പമുണ്ടായി ഒരു മാസത്തിന് ശേഷമാണ് ചുഴലിക്കാറ്റ് വീശിയത്. കൂടുതൽ പ്രകൃതി ദുരന്തങ്ങൾക്ക് സാധ്യതയുണ്ടെന്നും, അടുത്തയാഴ്ച മറ്റൊരു ഉഷ്ണമേഖലാ ചുഴലിക്കാറ്റ് ശക്തി പ്രാപിച്ച് വടക്കൻ ഫിലിപ്പീൻസിനെ ബാധിച്ചേക്കാമെന്നും ഉദ്യോഗസ്ഥർ മുന്നറിയിപ്പ് നൽകുന്നു.
