വാഷിങ്ടന്‍ ഡി.സി.: ന്യൂയോര്‍ക്ക് സിറ്റി മേയര്‍ തിരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റ് സ്ഥാനാര്‍ഥി സോഹ്റാന്‍ മംദാനിയുടെ വിജയം അമേരിക്കയുടെ പരമാധികാരത്തിന് മങ്ങല്‍ ഉണ്ടാക്കിയെന്ന് യു.എസ്. പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. മിയാമിയില്‍ നടന്ന അമേരിക്കന്‍ ബിസിനസ് ഫോറത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മംദാനിയെ ‘കമ്യൂണിസ്റ്റ്’ എന്ന് അഭിസംബോധന ചെയ്ത ട്രംപ്, മംദാനിയുടെ വിജയത്തിനു പിന്നാലെ ന്യൂയോര്‍ക്ക് കമ്യൂണിസ്റ്റ് ക്യൂബയോ സോഷ്യലിസ്റ്റ് വെനസ്വേലയോ ആയി മാറുമെന്നും, ന്യൂയോര്‍ക്കിലെ ജനങ്ങള്‍ ഫ്ളോറിഡയിലേക്ക് പലായനം ചെയ്യാന്‍ നിര്‍ബന്ധിതരാകുമെന്നും മുന്നറിയിപ്പ് നല്കി. ‘2024 നവംബര്‍ 5-ന് യു.എസിലെ ജനങ്ങള്‍ ഞങ്ങളുടെ സര്‍ക്കാരിനെ അധികാരമേല്പ്പിച്ചു. ഞങ്ങള്‍ പരമാധികാരം പുനഃസ്ഥാപിച്ചു. കഴിഞ്ഞ രാത്രിയോടെ ആ പരമാധികാരത്തില്‍ ഒരല്പം ന്യൂയോര്‍ക്കില്‍ നഷ്ടമായി. പക്ഷേ കുഴപ്പമില്ല, അത് ഞങ്ങള്‍ ശ്രദ്ധിച്ചുകൊള്ളാം,’ ട്രംപ് പറഞ്ഞു.

ഡെമോക്രാറ്റുകള്‍ അമേരിക്കയ്ക്ക് വേണ്ടി എന്താണ് ഉദ്ദേശിക്കുന്നതെന്ന് മനസ്സിലാക്കണമെങ്കില്‍ ന്യൂയോര്‍ക്കിലെ തിരഞ്ഞെടുപ്പ് ഫലം ശ്രദ്ധിക്കണം എന്നും അദ്ദേഹം ആവശ്യപ്പെട്ടു. ‘രാജ്യത്തെ ഏറ്റവും വലിയ നഗരത്തിന്റെ മേയറായി അവര്‍ ഒരു കമ്യൂണിസ്റ്റുകാരനെ പ്രതിഷ്ഠിച്ചിരിക്കുന്നു,’ ട്രംപ് കുറ്റപ്പെടുത്തി. ‘നമ്മുടെ എതിരാളികള്‍ യു.എസിനെ കമ്യൂണിസ്റ്റ് ക്യൂബയോ സോഷ്യലിസ്റ്റ് വെനസ്വേലയോ ആക്കാന്‍ പരിശ്രമിക്കുകയാണെന്ന് ഞാന്‍ കുറേക്കാലമായി മുന്നറിയിപ്പ് നല്‍കുന്നുണ്ട്. അവിടെയൊക്കെ എന്താണ് സംഭവിച്ചതെന്ന് നിങ്ങള്‍ നോക്കൂ. മംദാനിയുടെ ഭരണത്തിനു കീഴില്‍ ന്യൂയോര്‍ക്ക് കമ്യൂണിസ്റ്റ് ആയി മാറുമ്പോള്‍ ന്യൂയോര്‍ക്കിലെ ജനങ്ങള്‍ ഫ്ലോറിഡയിലേക്കു പലായനം ചെയ്യാന്‍ നിര്‍ബന്ധിതരാകും. അധികം വൈകാതെ തന്നെ ന്യൂയോര്‍ക്ക് സിറ്റിയില്‍നിന്ന് പലായനം ചെയ്യുന്നവര്‍ എത്തുന്ന കേന്ദ്രമായി മിയാമി മാറും.’
‘ഞാന്‍ ന്യൂയോര്‍ക്കില്‍നിന്ന് മാറാന്‍ നോക്കുകയാണ്, കാരണം എനിക്ക് ഒരു കമ്യൂണിസ്റ്റ് ഭരണകൂടത്തിനു കീഴില്‍ ജീവിക്കാന്‍ തീരെ താല്പര്യമില്ല,’ ട്രംപ് കൂട്ടിച്ചേര്‍ത്തു. മംദാനിയുടെ വിജയഘോഷ പ്രസംഗത്തെയും ട്രംപ് വിമര്‍ശിച്ചു. പ്രസംഗം ‘രോഷാകുലമായിരുന്നെന്നും’ തന്നോട് ബഹുമാനപൂര്‍വമായ സമീപനമല്ലെങ്കില്‍ മംദാനിക്കു മുന്നോട്ടു പോകാനാവില്ലെന്നും ട്രംപ് മുന്നറിയിപ്പ് നല്കി. പ്രാദേശിക തിരഞ്ഞെടുപ്പുകളിലെ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ തിരിച്ചടിക്ക് കാരണം താന്‍ സ്ഥാനാര്‍ഥിയായി രംഗത്തിറങ്ങാതിരുന്നതും ഫണ്ടിങ് മുടങ്ങിയതുമൂലമുള്ള ഭരണസ്തംഭനവുമാണെന്നും അദ്ദേഹം സമൂഹമാധ്യമത്തിലൂടെ നേരത്തെ അവകാശപ്പെട്ടിരുന്നു.
